സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂർത്തിയാക്കി വരകളുടെ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് സജ്ജീവ് ബാലകൃഷ്ണൻ. ഒരു ലക്ഷത്തിലധികം കാരിക്കേച്ചറുകൾ വരച്ച സജ്ജീവ് ഇന്ന് എറണാകുളത്തെ ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു വിരമിക്കും.
റിട്ടയര്‍മെന്റ് പലര്‍ക്കും സങ്കടം തരുന്ന ഒന്നാണെങ്കില് സജ്ജീവിന് അത് നേരേ മറിച്ചാണ്. തന്റെ ഇഷ്ട ഹോബിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകുമെന്ന കാര്യം ഇദേഹത്തെ കൂടുതല്‍ ഹാപ്പിയാക്കുന്നു. ഇന്ത്യയിലെ വേഗതയേറിയ കാര്ട്ടൂസിറ്റാണ് ഇദേഹം.
ആദ്യ ഗുരു അമ്മ
ചാലക്കുടി പരിയാരം അരിയംപറമ്പത്ത് എ.വി. ബാലകൃഷ്ണ മേനോന്-പൊന്നു ദമ്പതികളുടെ ഏകമകനായ സജ്ജീവിന് വരകളോട് ചെറുപ്പം മുതലെ ഇഷ്ടമായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്ത് പേജിന്റെ നോട്ടുബുക്കില്‍ അമ്മ കുരുവിയുടെ ചിത്രം ട്രേസിംഗ് പേപ്പര്‍ ഉപയോഗിച്ച് പകര്‍ത്തി നല്കി.
അന്നു മുതല്‍ സജ്ജീവ് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. മകന്റെ വരയോടുള്ള താല്പര്യം കണ്ടറിഞ്ഞ് പരിയാരം സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് അച്ഛന് കളര്‍ബോക്സ് സമ്മാനിച്ചു. ആ സമയത്തൊക്കെ വീട്ടില്‍ നീളന്‍ ഭിത്തിയില്‍ സജ്ജീവ് വേലുത്തമ്പി ദളവ, അക്ബര്‍, ഹുമയൂണ്‍, ഇന്ദിരാഗാന്ധി തുടങ്ങി പലരുടെയും ചിത്രങ്ങള്‍ കരിക്കൊണ്ട് വരച്ചു.
മകന് വരയോട് കൂടുതല്‍ ഇഷ്ടമുണ്ടെന്ന് മനസിലാക്കിയ ബാലകൃഷ്ണ മേനോന് 1976-ല്‍ ആ ഏഴാം ക്ലാസുകാരനെ ചെന്നൈയിലെ പ്രശസ്തമായ ശന്തനൂസ് ചിത്രവിദ്യാലയത്തില്‍ ആറു മാസത്തെ പോസ്റ്റല്‍ കോഴ്സിനു ചേര്‍ത്തു. വിജയസാരഥി എന്ന അധ്യാപകനു കീഴില്‍ 50 അധ്യായമുള്ള ചിത്രരചന കോഴ്സ് സജ്ജീവ് പൂര്‍ത്തിയാക്കി.
ഗുരുനാഥനെ നേരിട്ട് കാണാത്തതിനാല്‍ അദ്ദേഹത്തിന് ഒരു കത്തയച്ചു. പക്ഷേ ഗുരു മരിച്ചുവെന്നു കാണിച്ച ആ കത്ത് തിരിച്ചെത്തി. പിന്‍കാലത്ത് ജോലിയുടെ ഭാഗമായി സ്ഥലം മാറ്റം കിട്ടിയപ്പോള്‍ സജ്ജീവ് ആ ചിത്രകാല പഠന കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി.
ചിത്രരചനാ മത്സരങ്ങളിലേക്ക്
ചാലക്കുടി കാര്‍മല്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരിങ്ങാലക്കുട സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് വാട്ടര്‍ കളര്‍ മത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയതോടെ സജ്ജീവിന് ആത്മവിശ്വാസമേറി. ആ നാളുകളില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളും വരയ്ക്കുമായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അച്ഛന് സജ്ജീവിനെക്കൊണ്ട് ഇംഗ്ലീഷ് പത്രം വായിപ്പിച്ച് അത് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യിക്കുമായിരുന്നു.
വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും സംസാരിക്കാറുണ്ടായിരുന്ന ബാലകൃഷ്ണ മേനോന് വൈകുന്നേരങ്ങളില്‍ മകനുമായി പുറത്തുപോകുമ്പോള്‍ പലരെയും കാണിച്ചു കൊടുത്ത് അവരുടെ ശരീര ഭാഷയെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെ ആളുകളെ നിരീക്ഷിക്കാനുള്ള വാസന സജ്ജീവിനുണ്ടായി.
മകനില്‍ ഭാഷാചാതുര്യവും സരസമായി സംസാരിക്കാനുളള കഴിവും ഉണ്ടാക്കിയെടുത്തത് അമ്മ പൊന്നുവായിരുന്നു. പ്രീഡിഗ്രി പഠനകാലത്ത് സജ്ജീവ് വരച്ച കാര്‍ട്ടൂണുകളില്‍ ചിലത് ഇംഗ്ലീഷ് പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. 1983-ല്‍ വിവിധ കാര്‍ട്ടൂണ്‍ ക്യാമ്പുകളില്‍ പങ്കെടുത്തതോടെ വരയ്ക്കാനുളള സജ്ജീവിന്റെ കഴിവ് ഇരട്ടിയായി.
കാലിക്കട്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രണ്ടു തവണ കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയിയായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി ലോ കോളജില്‍ പഠിക്കുന്ന സമയത്ത് ഒന്നാം സ്ഥാനം കാര്‍ട്ടൂണ്‍ രചനാ മത്സരത്തില്‍ ലഭിച്ചു. എന്നാല്‍ 1988-ല്‍ ആദായനികുതി വകുപ്പില്‍ ഇന്‍സ്പെക്ടറായി ജോലി പ്രവേശിച്ചതോടെ പൊളിറ്റിക്കല്‍ കാര്ട്ടൂണുകള് വരയ്ക്കുന്നത് നിർത്തി. പിന്നെ കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതിലായി ശ്രദ്ധ.
ലിംഗ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലേക്ക്
2010ലെ ഒരു ഉത്രാട ദിനത്തില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ വച്ച് 12 മണിക്കൂറിനുള്ളില്‍ 651 കാരിക്കേച്ചറുകള്‍ വരച്ച് സജ്ജീവ് ലിംഗ ബുക്ക്സ് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. 2017 ല്‍ അമ്മ മരിച്ചപ്പോള്‍ അമ്മയ്ക്കുള്ള ആദരമായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ അത്താഘോഷത്തിനിടെ 933 പേരുടെ മുഖം മാത്രം കാരിക്കേച്ചറുകളാക്കി.
ഇതിനകം ഒരുലക്ഷത്തിലധികം കാരിക്കേച്ചറുകള്‍ സജ്ജീവ് വരച്ചിട്ടുണ്ട്. യാത്രയിലും മറ്റും കണ്ടുമുട്ടുന്ന സാധാരണക്കാരാണ് പലപ്പോഴും മനോഹരമായ കാരിക്കേച്ചറുകളായി മാറുന്നത്. ഒരു മിനിറ്റ് മുതല്‍ നാലു മിനിറ്റ് വരെയാണ് ഇദ്ദേഹം കാരിക്കേച്ചര്‍ രചനയ്ക്കായി ഉപയോഗിക്കുന്നത്.
രണ്ട് ചിത്ര രചന എക്സിബിഷനുകള്‍ മാത്രം നടത്തിയിട്ടുള്ള സജ്ജീവ് കഴിഞ്ഞ എട്ടു വര്‍ഷമായി ഡല്‍ഹി ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിലെ ടാക്സ് പേയേഴ്സ് ലോഞ്ചില്‍ കാരിക്കേച്ചര്‍ വരയ്ക്കാനുണ്ടാകും.
സ്വയം പരിഹസിക്കാനിഷ്ടം
112 കിലോ തൂക്കമുളള സജ്ജീവിന് സ്വയം പരിഹസിക്കാനാണ് കൂടുതല്‍ ഇഷ്ടം. ഇന്ത്യയിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്. സജ്ജീവിന്റെ കുടുംബാംഗങ്ങളും അവരുടെ സമ്മതത്തോടെ കാരിക്കേച്ചറുകളായി കാണികള്‍ക്കു മുന്നില്‍ എത്താറുണ്ട്.
ജീവിതത്തെ നിസംഗമായി കാണുന്ന ആളുകളാണ് കാർട്ടൂണിസ്റ്റുകള്‍. സ്ഥിരമായി നമ്മളെ തന്നെ പരിഹസിക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കുറവാണ്. ഞാന്‍ പിന്തുടരുന്ന രീതി അതാണ് സജ്ജീവ് പറഞ്ഞു.
റിട്ടയര്‍മെന്റ് പ്ലാന്‍
കേരളത്തിലെ സ്കൂളുകളില്‍ പോയി അവനവനെ നോക്കി ചിരിക്കാന്‍ എങ്ങനെ പഠിക്കാമെന്നു വിദ്യാര്‍ഥികളെ തന്നെ ഉദാഹരണമാക്കി കാണിച്ചു കൊടുക്കും. ആയിരത്തിലധികം വരുന്ന ഗ്രാമങ്ങളില്‍ സ്വന്തം വണ്ടിയില്‍ പോയി സ്ഥലം കണ്ട് അവിടത്തെ ആളുകളെ കണ്ട് അവരെയൊക്കെ വരയ്ക്കണം. വഴി നീളെ കാരിക്കേച്ചറുകള്‍ വരച്ച് സമ്മാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സജ്ജീവ് പറയുന്നു.
കുടുംബ വിശേഷം
തൃപ്പൂണിത്തുറയില്‍ ടൂണ്‍ ആന്‍ഡ് ട്യൂണ്‍ വീട്ടിലാണ് സജ്ജീവിന്റെ താമസം. ഭാര്യ ലേഖ ആര്. നായര്‍ കൂനമ്മാവ് ചാവറ ദര്ശന് സ്കൂളില്‍ സംഗീതാധ്യാപികയാണ്. 35 ലധികം സിനിമകളില്‍ ലേഖ പാടിയിട്ടുണ്ട്.
മകന് സിദ്ധാര്‍ഥ് സജ്ജീവ് ലിവര്‍ പൂള് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡാറ്റാ സയന്‍സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും പാസായി. നല്ലൊരു ഗായകനും കീ ബോര്ഡിസ്റ്റുമാണ് സിദ്ധാര്‍ഥ്. കേരള കാർട്ടൂണ്‍ അക്കാദമി സെക്രട്ടറിയായി ഒരു തവണയും വൈസ് ചെയര്‍മാനായി രണ്ടു തവണയും സജ്ജീവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.