ന്യൂഡൽഹി: ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നവംബർ 11നാണ് സത്യപ്രതിജ്ഞ. സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കുന്ന വിവരം കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്വാൾ എക്സിലൂടെ അറിയിച്ചു.
2025 മേയ് 13ന് വിരമിക്കുന്ന ജസ്റ്റീസ് സഞ്ജീവ് ഖന്ന ആറുമാസത്തിലേറെ ചീഫ് ജസ്റ്റീസ് പദവിയിലുണ്ടാകും. സുപ്രീംകോടതിയുടെ 51 -ാമത് ചീഫ് ജസ്റ്റീസായാണ് ഇദ്ദേഹം എത്തുന്നത്. ചന്ദ്രചൂഡ് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന.
ഡൽഹി ഹൈക്കോടതിയിൽനിന്ന് 2019ലാണ് ജസ്റ്റീസ് ഖന്ന സുപ്രീം കോടതി ജഡ്ജിയായത്. 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി. ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്റ്റീസ് ചെയ്തു. ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കോൺലായിരുന്നു.
2004 ൽ ഡൽഹി സ്റ്റാൻഡിംഗ് കോൺസലായി (സിവിൽ) നിയമിക്കപ്പെട്ടു. 2006 ൽ ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും അംഗമായിരുന്നു.
കഴിഞ്ഞ മേയിൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് വാർത്തകളിൽ ഇടംനേടി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽസ് (വിവിപാറ്റ്) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജസ്റ്റീസ് ഖന്നയുടെ ബെഞ്ച് പരിഗണിച്ചു. 100 ശതമാനം വിവിപാറ്റ് വെരിഫിക്കേഷനുള്ള അഭ്യർഥന നിരസിച്ചപ്പോൾ, അധിക സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ഉത്തരവിലൂടെ ആവശ്യപ്പെട്ടു.