പത്തനംതിട്ട: ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ സഞ്ചിമ (അച്ചു-19)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന് തൂങ്ങിമരിച്ചതിന് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് റെജിയുടെ മകന് ആര്. അഖിലാണ് (26) റിമാന്‍ഡിലായത്.
ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരംപടിക്കുസമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് തൂങ്ങിമരിച്ചുവെന്നാണ് കേസ്.
സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
ഞായര്‍ രാവിലെയും വഴക്കും മര്‍ദ്ദനവും ഉണ്ടായി, ആറര മാസം ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ കല്ലെടുത്തെറിഞ്ഞു പുറത്ത് മുറിവേല്പിക്കുകയും ചെയ്തു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഡോക്ടറുടെ ഔദ്യോഗിക മൊഴി അനുസരിച്ച് വകുപ്പുകള്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് തിങ്കള്‍ ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.