മൂവാറ്റുപുഴ: വ്യാജ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർമിച്ചു നൽകിയ കേസിൽ പിടികൂടിയ അന്യസംസ്ഥാനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സ്ഥാപന ഉടമയായ ബംഗാൾ മുർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂർ സ്വദേശി സഞ്ജിത് കുമാർ മോണ്ടലി(30)നെ മൂവാറ്റുപുഴ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ തടിമില്ലിന് എതിർവശത്തായി പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് ഷോപ്പ് എന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സ്ഥാപനത്തിലാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയത്.
ഇവിടെ നിന്നും വ്യാജ സർട്ടിക്കറ്റ് നിർമിക്കുന്നതിന് ആവശ്യമായ രേഖകൾ കണ്ടെത്തിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ സൈബർ സെൽ വിഭാഗം സ്ഥാപനത്തിലെ കമ്പ്യൂട്ടറും, മറ്റ് ഇലെക്ടോണിക്ക് ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയുടെയും, കൂടാതെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളുടെ പേരിലുമാണ് ഇയാൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്(RTPCR) നിർമിച്ചു അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയിരുന്നത്.
മൂവാറ്റുപുഴ സ്വകാര്യ ആശുപത്രി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് പരിശോധന നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ചു റെയിൽവേ ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ്, മണി ട്രാൻസ്ഫർ തുടങ്ങിയവ എടുത്തുനൽകുന്നതായിരുന്നു സ്ഥാപനം.
ഇതേകൂടാതെ കമ്മീഷൻ അടിസ്ഥാനത്തിൽ പണം അന്യസംഥാനത്തേക്ക് അയയ്ക്കുന്ന പരിപാടിയും നടത്തിവന്നിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
സ്ഥാപനം പൂട്ടി സീൽ ചെയ്തു. കൂടുതൽ തട്ടിപ്പുകൾ ഈ സ്ഥാപനം കേന്ദ്രികരിച്ചു നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് മൂവാറ്റുപുഴ സിഐ കെ.എസ്. ഗോപകുമാർ പറഞ്ഞു.