ന്യൂഡൽഹി: ഗോൾഡ്കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സഞ്ജിത ചാനു ഉയർത്തിയ സ്വർണം നഷ്ടപ്പെട്ടേക്കും. ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇതേത്തുടർന്ന് ചാനുവിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷനാണ് (ഐഡബ്ല്യുഎഫ്) ഇക്കാര്യം അറിയിച്ചത്.
കോമൽവെൽത്ത് ഗെയിംസിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വർണം സ്വന്തമാക്കിയത്. ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയ രണ്ടാമത്തെ സ്വർണമായിരുന്നു അത്. കോമണ്‍വെൽത്ത് റിക്കാർഡ് കുറിച്ച് സ്നാച്ചിൽ 84 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 108 കിലോഗ്രാമും ഉയർത്തി ആകെ 192 കിലോഭാരം ഉയർത്തിയായിരുന്നു ചാനു സ്വർണമണിഞ്ഞത്.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ചാനുവിന്റെ മെഡൽ തിരിച്ചുനല്‍കേണ്ടിവരും.ഗ്ലാസ്കോ ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിലും ചാനു സ്വർണം നേടിയിരുന്നു.
അതേസമയം, ഉത്തേജക പരിശോധന തീയതി, സാന്പിൾ ശേഖരിച്ചത് എന്ന് തുടങ്ങിയ വിവരങ്ങൾ ഐഡബ്ല്യുഎഫ് വ്യക്തമാക്കിയിട്ടില്ല.