ചങ്ങനാശേരി: സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ പിന്നിൽ മറ്റു സംഘങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
മാമ്മൂട് വെളിയം പുളിക്കൽ സൻജോയെ(ലിജോ-24) ആണ് കഴിഞ്ഞ ദിവസം ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ മൊബൈൽ പിടിച്ചെടുത്ത് പരിശോധിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും വരികയാണ്. പ്രതിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു.
ഫോണിലൂടെ വിദ്യാർഥിനിയുമായി ചങ്ങാത്തം സ്ഥാപിച്ച ലിജോ ഈ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു ചില പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെയും വലയിൽ വീഴ്ത്താൻ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.
വിദ്യാർഥിനി പോലീസിൽ പരാതിപ്പെട്ടതോടെ ബംഗളൂരുവിലേക്കു കടന്ന ലിജോയെ ചങ്ങനാശേരി സിഐ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാം മുഖേനയാണ് നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയുമായി പ്രതി ബന്ധം സ്ഥാപിച്ചത്. മെസേജ് അയച്ചും ഫോണ്‍ വിളിച്ചും ബന്ധം ദൃഢമാക്കുകയായിരുന്നു.
തുടർന്ന് പെണ്‍കുട്ടിയെ വശീകരിച്ചു പീഡനം നടത്തുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇതിനു ശേഷം ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.
ഇതോടെയാണ് പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയത്. കൂടുതൽ പെണ്‍കുട്ടികൾ പ്രതിയുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.