കണക്കുകൂട്ടലുകൾക്കും പ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ- സഞ്ജു വി. സാംസണിന് ഏറ്റവും അനുയോജ്യമായ വിശേഷണം ഇതായിരിക്കും. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇത്രയും സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരാളില്ല.
2021 സീസണിലെ ആദ്യ സെഞ്ചുറി ഉൾപ്പെടെ ഐപിഎൽ ചരിത്രത്തിൽ മൂന്ന് സെഞ്ചുറികളാണ് ഈ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടിയത്. ഇക്കാര്യങ്ങൾക്കൊന്നും ആരും ഒരു എതിർപ്പും പ്രകടിപ്പിക്കാറില്ല.
എന്നാൽ, വിമർശകരുടെ ആദ്യ ആക്രമണം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്ക്കെതിരേയാണ്. ഇക്കാലമത്രയും സഞ്ജുവിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ഗൗതം ഗംഭീറും സുനിൽ ഗാവസ്കറും കഴിഞ്ഞ ആഴ്ച സഞ്ജുവിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ശത്രു, അതു കാരണമാണു സഞ്ജുവിനെ ദേശീയ ടീമിന്റെ പടിക്കു പുറത്താക്കുന്നതെന്നാണു ഗാവസ്കറിന്റെ നിരീക്ഷണം.
സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആറ് വിക്കറ്റ് ജയം നേടിയിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന തരത്തിലുള്ള ബാറ്റിംഗ് ആയിരുന്നു സഞ്ജു കാഴ്ചവച്ചത്.
ഐപിഎൽ ചരിത്രത്തിൽ ഇത്രയും ക്ഷമാശീലനായ സഞ്ജുവിനെ കണ്ടിരിക്കാൻ വഴിയില്ല. 41 പന്തിൽ 42 റണ്സുമായി പുറത്താകാതെ നിന്ന ആ ഇന്നിംഗ്സ് സഞ്ജു 3.0 ആയതിന്റെ സൂചനയാണു നൽകുന്നത്.
സിറ്റുവേഷൻ അനുസരിച്ചായിരുന്നു ബാറ്റ് ചെയ്തത്. അതിവേഗം ഒരു അർധസെഞ്ചുറി നേടിയാലും ടീം പരാജയപ്പെട്ടാൽ ഫലമില്ലാതാകില്ലേ- മത്സരശേഷം സഞ്ജു പറഞ്ഞു. സ്കോർ: കോൽക്കത്ത 20 ഓവറിൽ 133/9. രാജസ്ഥാൻ 18.5 ഓവറിൽ 134/4.
സഞ്ജു 3.0 എഡിഷനിൽ ക്യാപ്റ്റൻസിയിലും ചില മാറ്റങ്ങൾ വരാനുണ്ടെന്നാണു മുൻ താരം വീരേന്ദർ സെവാഗിന്റെ അഭിപ്രായം. സഞ്ജുവിന്റെ ക്യാപ്റ്റൻസി രീതിയിൽ ടീം അംഗങ്ങൾ അസംതൃപ്തരാണ്.
കുറച്ചുകൂടി അഗ്രസീവ് ആകുന്നതും മൈതാനത്ത് സഹതാരങ്ങളുമായി കൂടുതൽ ഇടപെടൽ നടത്തുന്നതും നല്ലതാണ്. പെട്ടെന്നു ക്യാപ്റ്റൻസ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിന്റെ ഉൾവലിവാണു സഞ്ജു കാണിക്കുന്നത്.
കളത്തിൽ പോസിറ്റീവ് ബോഡി ലാംഗ്വേജ് കാണിക്കണം, ഒരു ബൗളർ തുടർച്ചയായി ബൗണ്ടറികൾ വഴങ്ങിയാൽപോലും- സെവാഗ് പറഞ്ഞു.ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായ ഋഷഭ് പന്ത് കളത്തിൽ ഇത്തരം കാര്യങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടെന്നും സെവാഗ് കൂട്ടിച്ചേർത്തു.