ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധ സൂചകമായി സഞ്ജു വി. സാംസണിന്റെ ട്വീറ്റ്.
ഇന്ത്യക്കുവേണ്ടിയടക്കമുള്ള തന്റെ ഉജ്വല ഫീൽഡിംഗ് ദൃശ്യങ്ങളാണു സഞ്ജു ട്വീറ്റ് ചെയ്തത്. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നുമില്ലാതെയാണ് സഞ്ജുവിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയം.
സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ കേരളത്തിനായി അഞ്ച് മത്സരങ്ങളിൽനിന്ന് 175 റണ്‍സ് നേടിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ബിസിസിഐ പരിഗണിക്കാത്തതു ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയായി.
ന്യൂസിലൻഡിനെതിരായ പരന്പരയ്ക്കുള്ള ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും അതിലും സഞ്ജു ഉൾപ്പെട്ടില്ല. ബാറ്റിംഗിൽ സ്ഥിരത ഇല്ലെന്നുള്ള ആക്ഷേപം ഐപിഎല്ലിനിടെ സഞ്ജുവിനെതിരേ ഉയർന്നിരുന്നു.