മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി 20 ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിരാട് കോഹ്ലി നയിക്കുന്ന ടീമിന്റെ ഉപനായകൻ രോഹിത് ശർമയാണ്. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, രവീന്ദ്ര ജഡേജ, ശർദുൾ താക്കുർ എന്നിവരാണ് ട്വന്റി 20 ടീമിൽ ഇടംപിടിച്ച മറ്റു താരങ്ങൾ.
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പൃഥ്വി ഷായ്ക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളിയെത്തി. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ മറ്റു മാറ്റങ്ങളില്ല.
ഈ മാസം 24-നാണ് ഇന്ത്യൻ ടീമിന്റെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. ബംഗളുരുവിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഏകദിന മത്സരത്തിനിടെയാണ് ധവാനു പരിക്കേറ്റത്. ധവാനു പരിക്കേറ്റതോടെയാണ് പൃഥ്വി ഷായ്ക്ക് ഏകദിന അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്.