ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിലാണു സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണർ ശിഖർ ധവാനു പരിക്കേറ്റതോടെയാണു സഞ്ജുവിനു ടീമിലേക്കു വഴി തുറന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരന്പരയിലെ ആദ്യ മത്സരം.
സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോയുമായി ധവാന്റെ പരിക്കിനേക്കുറിച്ചു ചർച്ച ചെയ്തിരുന്നു. താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തി. ഇതേതുടർന്നാണു സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.
നേരത്തെ, ബംഗ്ലാദേശിനെതിരായ പരന്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയില്ല. തൊട്ടടുത്ത പരന്പരയിൽ സഞ്ജുവിനെ തഴയുകയും ചെയ്തു. ഇതിനെതിരേ മുതിർന്ന കളിക്കാരിൽനിന്ന് അടക്കം വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണു സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിക്കുന്നത്.
മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലാണ് ധവാനു പരിക്കേൽക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിംഗ് പാഡിലെ മരകഷ്ണം കാലിൽ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്കു മടങ്ങുന്നതിനിടെ താരത്തിന്റെ കാലിൽനിന്നു രക്തമൊലിക്കുന്നുണ്ടായിരുന്നു.