കോഴിക്കോട്: ക്രിക്കറ്റില്‍ അടിച്ചുതകര്‍ക്കുന്ന ബാറ്റ്സ്മാനാണല്ലോ… താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട റണ്‍ ചേസ് ഏതാണ് …ചോദ്യത്തെക്കാള്‍ സ്പീഡില്‍ ഗ്രൗണ്ടിലെ തകര്‍പ്പന്‍ഷോട്ട് പോലെ മറുപടി എത്തി…അതിനി വരാനിരിക്കുന്നതേയുള്ളൂ..
നിറഞ്ഞ കരഘോഷം ഉയരുമ്പോള്‍ മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മുഖത്ത് ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന ഭാവം.
ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ഏകദിന പരമ്പരയില്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളിംഗിനെ നേരിട്ട ലാഘവത്തോടെയായിരുന്നു ഓരോ മറുപടിയും. കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ന്യൂറോ വിഭാഗം ഡോക്ടര്‍മാരുമായി നടത്തിയ മുഖാമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന ഏകദിനത്തില്‍ അവരുടെ നാട്ടില്‍ സെഞ്ചുറി നേടിയപ്പോള്‍ എന്തു തോന്നിയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ:
അന്ന് അതിനേക്കാള്‍ വലിയ ആഘോഷം കേരളത്തിലെ സ്വന്തം വീട്ടിലുണ്ടായിരുന്നു… സ്വന്തം ഏട്ടന് കേരളത്തില്‍ നടന്ന പ്രാദേശിക ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടിയ ആഘോഷമായിരുന്നു അത്. ഇതില്‍ പ്പരം സന്തോഷം എന്തു വേണം?
സെഞ്ചുറിക്കരികേ നില്ക്കുമ്പോള് വീട്ടുകാരുടെയും സ്നേഹിക്കുന്നവരുടയും പ്രാര്‍ഥിക്കുന്ന മുഖം ഓര്മ വരാറുണ്ടെന്നും അതാണ് ആത്മവിശ്വാസം നല്‍കുന്നതെന്നും സഞ്ജു പറഞ്ഞു.
ആരോഗ്യമുണ്ടെങ്കിലേ ക്രിക്കറ്റല്ല ഏത് ഗെയിമിലും മുന്നേറാന്‍ കഴിയൂ. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം നിര്‍ബന്ധമായും ചെയ്യാറുണ്ടെന്നും സഞ്ജു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഫോം എന്നത് താത്കാലികമാണ്. പൂര്‍ണ ആരോഗ്യത്തോടെ ഫീല്‍ഡില്‍ നില്ക്കാന് കഴിയുക എന്നതാണ് ലക്ഷ്യമെന്നും നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍കൂടിയായ സഞ്ജു പറഞ്ഞു.
സ്വന്തം ലേഖകന്‍