ദുബായ്: ഐപിഎൽ ട്വന്റി-20 പതിന്നാലാം സീസണിലെ റണ്‍വേട്ടയിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണ് ഒന്നാം സ്ഥാനത്ത്.
സണ്‍റൈസേഴ്സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാനെ പിന്തള്ളി സഞ്ജു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
സണ്‍റൈസേഴ്സിനെതിരേ 57 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 82 റണ്‍സ് മലയാളി താരം അടിച്ചുകൂട്ടി. സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ്. എന്നാൽ, മത്സരത്തിൽ സൺറൈസേഴ്സ് ഏഴ് വിക്കറ്റ് ജയം നേടി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 164/5. ഹൈദരാബാദ് 18.3 ഓവറിൽ 167/3.
ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ എവിൻ ലെവിസിനെ (6) രാജസ്ഥാനു നഷ്ടപ്പെട്ടു. തുടർന്ന് ക്രീസിലെത്തിയ സഞ്ജു ക്ലാസിക് ബാറ്റിംഗാണ് കാഴ്ചവച്ചത്. യശ്വസി ജയ്സ്വാളും (23 പന്തിൽ 36) സഞ്ജുവും ചേർന്ന് രണ്ടാം വിക്കറ്റിൽ 56 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മഹിപാൽ ലോമർ (28 പന്തിൽ 29) പുറത്താകാതെനിന്നു.
മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സിനായി ഓപ്പണർ ജേസണ്‍ റോയ് തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ചു. 42 പന്തിൽ ഒരു സിക്സും എട്ട് ഫോറും അടക്കം 60 റണ്‍സ് റോയ് സ്വന്തമാക്കി. കെയ്ൻ വില്യംസൺ (41 പന്തിൽ 51) പുറത്താകാതെനിന്നു.
റോയ്-കെയ്ൻ വില്യംസണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 57 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ റോയ്-വൃദ്ധിമാൻ സാഹ (18) കൂട്ടുകെട്ടും 57 റണ്‍സ് നേടി. അഭിഷേക് ശർമ 21 റൺസുമായി പുറത്താകാതെനിന്നു.