ഇന്ത്യന് പ്രീമിയര് ലീഗ് 10-ാം പതിപ്പിന്റെ കണക്കുപുസ്തകം തുറന്നാല് തിളങ്ങി നില്ക്കുന്ന മലയാളി സഞ്ജു സാംസണ് മാത്രമാണ്; ഒരുപരിധിവരെ ബേസില് തമ്പിയും. പതിവിനു വിപരീതമായി ഇത്തവണ നാലു മലയാളികളാണ് ഐപിഎലിൽ വിവിധ ടീമുകളിലായി കളിച്ചത്.
ഡല്ഹി ഡെയര് ഡെവിള്സിനു വേണ്ടി സഞ്ജു, ഗുജറാത്ത് ലയണ്സിനു വേണ്ടി ബേസില്, സച്ചിന് ബേബിയും വിഷ്ണു വിനോദും ബംഗളൂരു റോയല് ചലഞ്ചേഴ്സിനു വേണ്ടിയും ഇറങ്ങി. പതിവുപോലെ ശരാശരിക്കു മുകളില്നില്ക്കുന്ന പ്രകടനവുമായി സഞ്ജു തിളങ്ങി. 14 മത്സരങ്ങളില്നിന്ന് സഞ്ജു 386 റണ്സ് സ്വന്തമാക്കി. ഇതില് ഒരു സെഞ്ചുറിയും രണ്ട് അര്ധസെഞ്ചുറിയുമുണ്ടായിരുന്നു. ശരാശരി 27.57. ഈ സീസണിലെ ആദ്യ സെഞ്ചുറി സഞ്ജുവിന്റെ പേരിലായിരുന്നു.
102 ആയിരുന്നു ഉയര്ന്ന സ്കോര്. ഐപിഎല് ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര് ജയന്റ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡല്ഹി 205 റണ്സ് അടിച്ചു കൂട്ടിയപ്പോള് 102 റണ്സും സഞ്ജുവിന്റെ ബാറ്റില്നിന്നായിരുന്നു. പിന്നീട് സഞ്ജുവിന്റെ ഭാഗത്തുനിന്ന് സ്ഥിരതയാര്ന്ന പ്രകടനം ഉണ്ടായെങ്കിലും ടീമിന്റെ ഓവറോള് പ്രകടനം നിരാശപ്പെടുത്തിയതോടെ പ്ലേ ഓഫ് കാണാതെ ഡല്ഹി പുറത്തായി. 2013 മുതല് ഐപിഎലിന്റെ ഭാഗമായിരുന്ന സഞ്ജു 66 മത്സരങ്ങളില്നിന്ന് 25.46 ശരാശരിയില് 1426 റണ്സ് നേടിയിട്ടുണ്ട്.
ബേസില് തമ്പി
ഐപിഎലിന്റെ ഈ സീസണിലായിരുന്നു കേരള രഞ്ജി താരം ബേസില് തമ്പിയുടെ അരങ്ങേറ്റം. ഏറ്റവും മികച്ച പുതുമുഖതാരമാകാന് മത്സരിച്ചവരുടെ പട്ടികയില് ആദ്യപേരുകാരില് ഒരാളാകാന് ബേസിലിനായി എന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. ഗുജറാത്തി ലയണ്സിനു വേണ്ടി കളിച്ച ബേസില് ടീം വളരെ മോശം പ്രകടനം പുറത്തെടുക്കുമ്പോള് മികച്ച ബൗളിംഗിലൂടെ ഏവരുടെയും ശ്രദ്ധയാകര്ഷിച്ചു. 12 മത്സരങ്ങള് കളിച്ച ബേസില് 11 വിക്കറ്റുകള് സ്വന്തമാക്കി ഐപിഎല് അരങ്ങേറ്റം അവിസ്മരണീയമാക്കി. 28 റണ്സും ബേസിലിന്റെ പേരിലുണ്ട്. 29 റണ്്സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 268 പന്തുകള് എറിഞ്ഞ ബേസിലിനെതിരേ 424റണ്സ് എതിരാളികള് നേടി.
സച്ചിനും വിഷ്ണുവും
ബംഗളൂരുവിനു വേണ്ടി കളിക്കുന്ന കേരള രഞ്ജി നായകന് കൂടിയായ സച്ചിന് ബേബിയുടെ പ്രകടനം നിരാശാജനകമായിരുന്നു. മൂന്നു മത്സരങ്ങളില് മാത്രമാണ് നായകന് വിരാട് കോഹ്്ലി സച്ചിന് അവസരം നല്കിയത്. 15 റണ്സ് മാത്രമാണ് സച്ചിന് സ്വന്തമാക്കിയത്. 2013, 2016, 2017 സീസണുകളിലായി 18 മത്സരങ്ങളില് കളിച്ച സച്ചിന് 187 റണ്സ് നേടിയിട്ടുണ്ട്. 33 ആണ് ഉയര്ന്ന സ്കോര്. രണ്ടു വിക്കറ്റും സച്ചിനു ലഭിച്ചിട്ടുണ്ട്.
കേരളത്തിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന വിഷ്ണു വിനോദ് പക്ഷേ, ഐപിഎലില് തികഞ്ഞ പരാജയമായി. ഈ സീസണില് അരങ്ങേറിയ വിഷ്ണുവിന് മൂന്നു മത്സരങ്ങളില്നിന്ന് 19 റണ്സ് മാത്രമാണ് നേടാനായത്.
കേരളവുമായി ബന്ധമുള്ള മറ്റു ചില താരങ്ങളും ഐപിഎലില് കളിച്ചു. ഇതില് ശ്രേയസ് അയ്യര്, റോബിന് ഉത്തപ്പ എന്നിവര് ശരാശരിക്കു മുകളിലുള്ള പ്രകടനം പുറത്തെടുത്തു. ഡല്ഹിയുടെ നായകനായ കരുണ് നായരും തികഞ്ഞ പരാജയമായി. കേരളത്തിനു വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ഇക്ബാല് അബ്ദുള്ളയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.