ജയ്പുർ: ക്യാപ്റ്റൻ സഞ്ജു സാംസണ് തകർപ്പൻ ബാറ്റിംഗുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ 17-ാം സീസണിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് 20 റണ്‍സിനു ലക്നോ സൂപ്പർ ജയന്റ്സിനെ തകർത്തു. സ്കോർ: 20 ഓവറിൽ 193/4. ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 173/6. 52 പന്തിൽ 82 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് കളിയിലെതാരം.
ടോസ് വിജയിച്ച റോയൽസ് നായകൻ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുത്തു. പവർപ്ലേ തീരും മുന്‍പേ റോയൽസിന് ഓപ്പണർമാരായ യശസ്വി ജയ്സ്വാളിനെയും (24), ജോസ് ബട്ലറെയും (11) നഷ്ടമായി. ഇതോടെ ഒന്നിച്ച് സഞ്ജു-റയാൻ പരാഗ് കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ടു നയിച്ചു.
ഈ മൂന്നാം വിക്കറ്റ് സഖ്യം 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. രാജസ്ഥാൻ വൻ സ്കോർ ഉറ്റുനോക്കിയിരിക്കേ നവീൻ ഉൾ ഹഖിന്റെ പന്തിൽ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നൽകി പരാഗ് പുറത്തായി. 29 പന്തിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 43 റണ്‍സാണ് പരാഗ് നേടിയത്. പിന്നാലെയെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയർക്ക് (അഞ്ച്) അധികനേരം ക്രീസിൽ നില്ക്കാനായില്ല.
സഞ്ജുവിന് കൂട്ടായി ധ്രുവ് ജുറെലെത്തി. ഈ കൂട്ടുകെട്ടിൽ 43 റണ്‍സ് പിറന്നു. അവസാന ഓവറുകളിൽ രാജസ്ഥാൻ സ്കോറിംഗിന്റെ വേഗം കുറഞ്ഞു. അവസാന നാല് ഓവറുകളിൽ 50 റണ്‍സെടുക്കാൻ മാത്രമാണു രാജസ്ഥാനായത്. 52 പന്തുകളിൽ 82 റണ്‍സ് നേടിയ സഞ്ജു ആറ് സിക്സും മൂന്ന് ഫോറും നേടി.
സൂപ്പർ ജയന്റ്സിനായി നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.തകർച്ചയോടെ തുടങ്ങിയ സൂപ്പർ ജയന്റ്സിന് നികോളസ് പുരാൻ (41 പന്തിൽ 64 നോട്ടൗട്ട്), നായകൻ കെ.എൽ. രാഹുൽ 44 പന്തിൽ 58) എന്നിവരാണ് ജയപ്രതീക്ഷകൾ നല്‍കിയത്. 11 റണ്‍സിലെത്തിയപ്പോൾ ക്വിന്റൻ ഡി കോക്ക് (നാല്), ദേവ്ദത്ത് പടിക്കൽ (പൂജ്യം), ആയുഷ് ബദോനി (ഒന്ന്) എന്നീ മുൻനിര ബാറ്റർമാരെ നഷ്ടമായ സൂപ്പർ ജയന്റ്സിന് കെ.എൽ. രാഹുലും ദീപക് ഹൂഡയും ചേർന്ന നാലാം വിക്കറ്റിൽ 49 റണ്‍സ് നേടി പ്രതീക്ഷകൾ നല്കി.
ഹൂഡയെ (13 പന്തിൽ 26) ജുറെലിന്റെ കൈകളിലെത്തിച്ച് യുസ്വേന്ദ്ര ചാഹൽ ഈ സഖ്യം പൊളിച്ചു. നാലിനു 60ലെത്തിയ ലക്നോവിനെ രാഹുൽ-പുരാൻ കൂട്ടുകെട്ട് ജയപ്രതീക്ഷകൾ നല്കി. 85 റണ്‍സ് നേടിയ ഈ സഖ്യം രാഹുലിനെ ജുറെലിന്റെ കൈകളിലെത്തിച്ച് സന്ദീപ് ശർമ പൊളിച്ചു.
44 പന്തിൽ 58 റണ്‍സ് നേടിയ ലക്നോ നായകന്റെ ബാറ്റിൽനിന്ന് രണ്ടു സിക്സും നാലു ഫോറുമാണെത്തിയത്. പിന്നാലെയെത്തിയ വന്പൻ അടികൾക്കു പേരുകേട്ട ഓസീസ് ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ ആർ. അശ്വിൻ മടക്കി. അവസാന ആറു പന്തുകളിൽ ലക്നൗവിനു ജയിക്കാൻ വേണ്ടിയിരുന്നത് 27 റണ്‍സായിരുന്നു.
20ാം ഓവർ എറിഞ്ഞ ആവേശ് ഖാന്റെ ആദ്യ പന്ത് വൈഡായി. രണ്ടും മൂന്നും പന്തുകളിൽ റണ്‍സൊന്നും വഴങ്ങാതിരുന്നതോടെ രാജസ്ഥാൻ വിജയമുറപ്പിച്ചു. 20ാം ഓവറിൽ ആറു റണ്‍സ് മാത്രമാണ് രാജസ്ഥാൻ വഴങ്ങിയത്. 64 റണ്‍സുമായി പുറത്താകാതെ നിന്ന പുരാൻ നാലു വീതം സിക്സും ഫോറും നേടി. റോയൽസിനായി ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റ് വീഴ്ത്തി.