ദുബായ്: മലയാളി താരം സഞ്ജു വി. സാംസന്റെ ബാറ്റിംഗിനെ കുറ്റപ്പെടുത്തി സുനിൽ ഗാവസ്കർ. ദൈവം നൽകിയ കഴിവ് പാഴാക്കുന്ന രീതിയിലാണു സഞ്ജുവിന്റെ കളിയെന്നാണു ഗാവസ്കറിന്റെ വിമർശനം. പഞ്ചാബ് കിംഗ്സിനെതിരായ മത്സര ശേഷമാണു സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗാവസ്കർ ഇങ്ങനെ പറഞ്ഞത്.
ഷോട്ടുകൾ തെരഞ്ഞെടുക്കുന്നതിലെ പിഴവാണു സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള ത്വര നിയന്ത്രിക്കണം. അല്ലാത്ത പക്ഷം ദൈവം നൽകിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക. ഷോട്ട് സെലക്ഷനാണു കളിക്കാരന്റെ പ്രതിബദ്ധതയും കേളീശൈലിയും നിർണയിക്കുക.
കുട്ടികളും പാകം വന്ന കളിക്കാരും തമ്മിലുള്ള വ്യത്യാസം അതാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷോട്ട് സെലക്ഷൻ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കിട്ടാൻ സഞ്ജുവിനെ സഹായിക്കും. സഞ്ജുവിനു പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാനാകാത്തതു ഷോട്ട് സെലക്ഷനിലെ പിഴവു മൂലമാണ്.
രാജ്യാന്തര തലത്തിൽ പോലും ഓപ്പണറായി കളിക്കുന്നില്ല. രണ്ടാം നന്പറിലോ മൂന്നാം നന്പറിലോ ആണു കളിക്കുന്നത്. അപ്പോഴും ക്രീസിലെത്തി ആദ്യ പന്തുതന്നെ ഗ്രൗണ്ടിനു പുറത്തേക്കു പായിക്കാനാണു ശ്രമം. അത് അസാധ്യമാണ്. ഫോമിന്റെ കൊടുമുടിയിലുള്ളപ്പോൾ പോലും അത് ഏറെക്കുറെ അസാധ്യമാണ്-ഗാവസ്കർ പറഞ്ഞു.
ഐപിഎലിന്റെ ഈ സീസണിൽ നായകനായി അരങ്ങേറ്റം കുറിച്ച സഞ്ജു തുടക്കത്തിൽ സെഞ്ചുറി നേടിയെങ്കിലും ഫോം തുടരാനായില്ല. നിലവിൽ എട്ട് മത്സരങ്ങളിൽനിന്ന് 281 റണ്സ് സഞ്ജുവിനുണ്ട്, 40.14 ആണ് ശരാശരി, സ്ട്രൈക്ക് റേറ്റ് 144.10ഉം.
സഞ്ജുവിനു 12 ലക്ഷം പിഴ
ദുബായ്: പഞ്ചാബ് കിംഗ്സിനെതിരേ അവസാന ഓവറിൽ അവിശ്വസനീയ ജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണിനു പിഴ ശിക്ഷ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണു പിഴ.
പെരുമാറ്റച്ചട്ടമനുസരിച്ച് കുറഞ്ഞ ഓവർ നിരക്കിന് ഈ സീസണിൽ ആദ്യമായാണു രാജസ്ഥാന് പിടിവീഴുന്നതെന്നതിനാലാണു പിഴ 12 ലക്ഷത്തിൽ ഒതുക്കുന്നതെന്ന് ഐപിഎൽ വൃത്തങ്ങൾ അറിയിച്ചു.