മുംബൈ: സ്വകാര്യ ചാനൽ നടത്തിയ ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങിയ ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ മലയാളി താരം സഞ്ജു സാംസണെപ്പറ്റിയും വെളിപ്പെടുത്തലുകൾ നടത്തി.
സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിലും എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. സാംസണെ ടീമിലെടുക്കാതിരുന്നാൽ ട്വിറ്ററിലൂടെ ഞങ്ങൾക്ക് വൻ ആക്രമണം നേരിടേണ്ടി വരുമെന്നും ശർമ പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ ഇരട്ടശതകം നേടിയതോടെ മൂന്ന് താരങ്ങളുടെ കരിയർ അവസാനിപ്പിക്കുന്ന സാഹചര്യമാണ് ഇഷാൻ കിഷൻ സൃഷ്ടിച്ചതെന്നും ശർമ പറഞ്ഞു.
ഈ താരങ്ങളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും സാംസൺ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ എന്നിവരെയാണ് ശർമ ഉദ്ദേശിച്ചതെന്ന് ആരാധകർ ആരോപിക്കുന്നു.
നേരത്തെ, ശാരീരികക്ഷമത വീണ്ടെടുക്കാനായി താരങ്ങൾ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്നും വിരാട് കോഹ്ലി – സൗരവ് ഗാംഗുലി എന്നിവർ തമ്മിൽ കലഹം ആയിരുന്നുവെന്നും ശർമ പറയുന്നത് ഒളികാമറയിൽ കുടുങ്ങിയിരുന്നു.
ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് നായകസ്ഥാനം നഷ്ടമായതെന്ന് വിരാട് കോഹ്ലിക്ക് തോന്നി.
ഗാംഗുലി രോഹിത് ശര്‍മയ്ക്ക് അനുകൂലമായിരുന്നില്ല, എന്നാല്‍ കോഹ്ലിയെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നുമില്ലെന്നും ചേതൻ ശർമ വെളിപ്പെടുത്തി.
നായകസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഗാംഗുലി കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ കോൺഫെറൻസിംഗിനിടെ കോഹ്ലി ഇത് കേട്ടില്ലെന്ന് കരുതുന്നു.
പിന്നീട് വാർത്താസമ്മേളനം നടത്തിയത് അനാവശ്യ കാര്യമാണ്. ഇതോടെ ബിസിസിഐ – താരത്തർക്കം എന്ന നിലയിൽ കാര്യങ്ങൾ എത്തിയതായും ശർമ പറഞ്ഞു.