കോൽക്കത്ത: ക്രിക്കറ്റ് ലഹരിയിൽ കേരളം മുഴുകിനിൽക്കുന്ന വേളയിൽ സഞ്ജു സാംസനാണ് ചർച്ചകളിൽ നിറയുന്നത്.
സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നു എന്ന വാദങ്ങൾക്കിടെ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ക്ഷുഭിത മുഖങ്ങളിലൊന്നായ എസ്.ശ്രീശാന്ത് മൂർച്ചയേറിയ പ്രയോഗങ്ങൾക്ക് പണ്ടേ പ്രശസ്തനാണ്.
വേഗമേറിയ പന്തുകൾക്കൊപ്പം പാഞ്ഞെത്തുന്ന വാക്കുകൾക്ക് മുന്നിൽ അന്താരാഷ്ട്ര താരങ്ങൾ വരെ നിലംപതിച്ചിട്ടുണ്ട്.
കേരള ടീമിലെ സഹതാരം സഞ്ജുവിനെ സംബന്ധിച്ച അഭിപ്രായത്തിലും ശ്രീശാന്ത് ഈ കൃത്യത പാലിച്ചു.
ഐപിഎല്ലിലെ പ്രകടനം സഞ്ജുവിന് പണവും പ്രശസ്തിയും നൽകുമെങ്കിലും ഇന്ത്യൻ ടീമിലെത്താൻ ഇത് മതിയാവില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
കേരളത്തിനായി ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും പ്രകടനത്തിൽ സ്ഥിരത പുലർത്തണമെന്നും അദേഹം പറഞ്ഞു.
“മൂന്ന് വർഷത്തിലൊരിക്കൽ സെഞ്ചുറി നേടുന്നതിൽ കാര്യമില്ല; ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി, വിജയ് ഹസാരെ ട്രോഫി അടക്കമുള്ള കിരീടങ്ങൾ നേടണം.
വിക്കറ്റ് കീപ്പർ ബാറ്റർ എന്നത് സഞ്ജുവിന് മാത്രം അവകാശപ്പെട്ട പ്രത്യേകതയല്ല; ഋഷഭ് പന്തും ഇഷാൻ കിഷനും ചെയ്തത് പോലെ ആഭ്യന്തര ലീഗിൽ മികവ് കാണിക്കണം’.
അണ്ടർ 14 കാലഘട്ടം മുതൽ സഞ്ജുവിനെ തനിക്ക് അറിയാമെന്ന് പറഞ്ഞ ശ്രീശാന്ത് ഇക്കാര്യങ്ങൾ നേരിട്ട് അദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.
ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.