ഡർബൻ: ട്വന്റി-20 യിൽ റിക്കാർഡ് നേട്ടം കുറിച്ച് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന നേട്ടം സഞ്ജു കുറിച്ചു.
50 പന്തിൽ 107 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 യിൽ ഇന്ത്യ മുന്നോട്ടുവച്ചത് 203 റൺസിന്റെ വിജയലക്ഷ്യം.
47 പന്തിൽനിന്നു നൂറു തികച്ച സഞ്ജുവിന്റെ ഇന്നിംഗ്സിന് പത്തു സിക്സുകളും ഏഴു ഫോറുകളും ചാരുതയേകി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന റിക്കാർഡും സഞ്ജു സ്വന്തമാക്കി.
ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി-20യിൽ 47 പന്തിൽ 111 റൺസെടുത്തിരുന്നു ഈ മലയാളി. തുടർച്ചയായി രണ്ടു ട്വന്റി-20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമായിരിക്കുകയാണ് മലയാളികളുടെ അഭിമാനതാരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസിലെത്തിയത്. അഭിഷേക് ശർമയെ (ഏഴ്) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു.
എൻകാബയോംസി പീറ്ററിന്റെ പതിനാറാം ഓവറിലെ നാലാം പന്തിൽ സിക്സറിനു ശ്രമിച്ചാണു സഞ്ജു പുറത്തായത്.ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (21), തിലക് വർമ (33) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.