ക്രിക്കറ്റ് ലോകത്തിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഒരു പേരുമാത്രം, ബൈബിളിലുള്ള അസാധ്യകരുത്തനായ സാംസണിന്റെ പേരുകാരൻ സഞ്ജു.
2020 സീസണിൽ കൈമസിൽ ഉരുട്ടിക്കാണിച്ച് താൻ സാംസണിനെപ്പോലെ കരുത്തനാണെന്നു വിളിച്ചുപറഞ്ഞ രാജസ്ഥാൻ റോയൽസിന്റെ സഞ്ജു വി. സാംസണ്, 2021 സീസണിലെ ആദ്യ മത്സരത്തിലും കരുത്തറിയിച്ചു.
63 പന്തിൽ 119 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു 14-ാം സീസണിലെ ആദ്യസെഞ്ചുറിക്ക് ഉടമയായി.
മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോടു നാല് റണ്‍സിനു പരാജയപ്പെട്ടെങ്കിലും പ്ലെയർ ഓഫ് ദ മാച്ചിന് അർഹനായതും സഞ്ജുതന്നെ. സ്കോർ: പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 221/6. രാജസ്ഥാൻ 20 ഓവറിൽ 217/7.
അവസാന രണ്ടു പന്തിൽ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോൾ സഞ്ജു സിംഗിളിനു വിസമ്മതിച്ചതാണു പരാജയകാരണമെന്ന വിമർശനമുയർന്നു.
എന്നാൽ, സഞ്ജു ചെയ്തതാണു ശരിയെന്ന നിലപാടാണു രാജസ്ഥാന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര, സഞ്ജയ് മഞ്ജരേക്കർ, ജയിംസ് നീഷം തുടങ്ങിയ പ്രമുഖർക്കുള്ളത്.
അവസാനപന്തിൽ സിക്സറിനു ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിൽവച്ച് ദീപക് ഹൂഡ കൈപ്പിടിയിലൊതുക്കുകയായിരുന്നു. അവസാന ഓവറിൽ രാജസ്ഥാനു ജയിക്കാൻ 13 റണ്‍സ് വേണമായിരുന്നു.
അഞ്ചാം പന്തിൽ സഞ്ജു ബൗണ്ടറി പായിക്കാൻ ശ്രമിച്ചെങ്കിലും ഫിൽഡറുടെ കൈയിൽ പന്തെത്തി.
നോണ്‍ സ്ട്രൈക്ക് എൻഡിൽനിന്നു ക്രീസിനടുത്തു വരെയെത്തിയ ക്രിസ് മോറിസിനെ സിംഗിളിനു വിസമ്മതിച്ച് സഞ്ജു തിരിച്ചയച്ചു.
അവസാന ഓവറിൽ സഞ്ജു ചെയ്തതാണു ശരി. ആ സിംഗിൾ എടുക്കാത്തതിൽ ഞാൻ സഞ്ജുവിനെ കുറ്റപ്പെടുത്തില്ല. സിംഗിൾ എടുത്തിരുന്നെങ്കിൽ ക്രിസ് മോറിസ് ആയിരിക്കും സ്ട്രൈക്കിൽ ഉണ്ടാകുക.
മോറിസ് നാല് പന്തുകളിൽനിന്നു വെറും രണ്ട് റണ്‍സ് മാത്രമെടുത്തു നിൽക്കുകയായിരുന്നു.
അത്തരമൊരു സാഹചര്യത്തിൽ ഫോമിന്റെ കൊടുമുടിയിൽ നിൽക്കുന്ന സഞ്ജു ആ റിസ്ക് ഏറ്റെടുക്കണമായിരുന്നു.
അദ്ദേഹം അതു ചെയ്തു. ഒരു നായകൻ എന്ന നിലയിൽ ആ റിസ്ക് ഏറ്റെടുത്ത സഞ്ജുവിനെ അഭിനന്ദിക്കുന്നു- സംഗക്കാര പറഞ്ഞു.
എന്റെ ടൈമിംഗ് ശരിയായിരുന്നു. ദൗർഭാഗ്യവശാൽ പന്ത് ഡീപ് ഫീൽഡറെ കടത്തിവിടാൻ സാധിച്ചില്ല. പരാജയപ്പെട്ടെങ്കിലും ടീം മികച്ച പോരാട്ടമാണു കാഴ്ചവച്ചത്- രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു പറഞ്ഞു.
16.25 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ ഇത്തവണ ക്രിസ് മോറിസിനെ സ്വന്തമാക്കിയത്.