ന്യൂഡൽഹി: ഗ്രൗണ്ടിൽ സൂപ്പർമാൻ പ്രകടനവുമായി മലയാളിതാരം സഞ്ജു സാംസണ്. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ഡൽഹി ഡെയർ ഡെവിൾസിനായി സഞ്ജുവിന്റെ പ്രകടനം.
കോൽക്കത്ത ഇന്നിംഗ്സിൽ ക്രിസ് മോറിസ് എറിഞ്ഞ 19-ാം ഓവറിലെ രണ്ടാം പന്ത് മനീഷ് പാണ്ഡെ ബൗണ്ടറിക്കു പുറത്തേക്കു പറത്തി. പക്ഷേ ലോംഗ് ഓണ്‍ ബൗണ്ടറിയിൽ പറന്നുയർന്നു പന്തു പിടിച്ചെടുത്ത സഞ്ജു കാൽ ബൗണ്ടറിക്കു പുറത്ത് നിലംതൊടുംമുന്പ് പന്ത് ഗ്രൗണ്ടിലേക്ക് തിരിച്ചെറിഞ്ഞു. ആറു റണ്‍ പ്രതീക്ഷിച്ച മനീഷ് പാണ്ഡെയുടെ നേട്ടം രണ്ടു റണ്ണിലൊതുങ്ങി.
നായകൻ സഹീർ ഖാനും സഹതാരങ്ങളും ഗ്രൗണ്ട് മുഴുവനായും സഞ്ജുവിന്റെ സൂപ്പർമാൻ പ്രകടനത്തെ കൈയടിയോടെയാണ് ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ബെൻ സ്റ്റോക്സ് ഐപിഎലിൽ നടത്തിയ പ്രകടനത്തേക്കാൾ മികച്ചത് എന്നാണ് ക്രിക്കറ്റ് ലോകം സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്.
ഓപ്പണറായി ഇറങ്ങി ഡൽഹി ഡെയർ ഡെവിൾസിനായി ടോപ് സ്കോററാകാൻ സഞ്ജുവിനു കഴിഞ്ഞെങ്കിലും വിജയഭാഗ്യം നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു.