കൊച്ചി: കാറിനകത്ത് സ്വിമ്മിംഗ് പൂള് സജ്ജമാക്കി പൊതു നിരത്തിലൂടെ ഓടിച്ച സംഭവത്തില്‍ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരേയുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെന്നും മണ്ണഞ്ചേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വിമ്മിംഗ് പൂള് സജ്ജമാക്കിയ ടാറ്റാ സഫാരി വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി ആരംഭിച്ചു. വാഹനമോടിച്ചയാളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുവെന്നും ചൂണ്ടി കാട്ടി മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ആലപ്പുഴ കലവൂര്‍ സ്വദേശി സഞ്ജു ടെക്കി എന്ന ടി.എസ്. സഞ്ജുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ കോടതി സ്വമേധയാ എടുത്ത കേസിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സഞ്ജു ടെക്കി, സൂര്യനാരായണന്, കാറില്‍ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവര്‍ക്ക് എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്നു ദിവസത്തെ പരിശീലനവും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരാഴ്ചത്തെ കമ്മ്യൂണിറ്റി ട്രെയിനിംഗും നിര്‍ദേശിച്ചു.
യുട്യൂബില്‍ 15.9 ലക്ഷം വരിക്കാരുള്ള സഞ്ജു 812 വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. സ്വിമ്മിംഗ് പൂള് ഒരുക്കിയ കാറുമായി കൊമ്മാടി ഭാഗത്ത് യാത്രചെയ്യുന്ന വീഡിയോ മേയ് 17നാണ് പോസ്റ്റ്ചെയ്തത്. റോഡ് നിയമങ്ങള്‍ ലംഘിച്ചുള്ള യാത്രയ്ക്കിടെ വെള്ളം തുളുമ്പി വണ്ടിയുടെ എയര്‍ബാഗ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ഇതോടെ പ്രതികള്‍ ഡോര്‍ തുറന്ന് നടുറോഡിലേക്ക് വെള്ളം തുറന്നുവിടുകയായിരുന്നു. അപകടകരമായ ഡ്രൈവിംഗ്, റോഡ് നിയമലംഘനം, ഗ്ലാസില്‍ സണ്‍ഫിലിം ഒട്ടിച്ചുള്ള യാത്ര, റോഡിലേക്ക് വെള്ളം തള്ളല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തത്.