എല്ലാവരുടേയും പ്രിയപ്പെട്ട യൂട്യൂബറാണ് സഞ്ജു ടെക്കി. നിരവധി ട്രിപ്പിംഗ് വീഡിയോകളിലൂടെ ആരാധകരുടെ മനം മയക്കിയ താരമാണ് സഞ്ജു. ലക്ഷക്കണക്കിനു ഫോളോവേഴ്സാണ് സഞ്ജുവിനുള്ളത്.
സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇയാൾ സ്വിമ്മിംഗ് പൂളിൽ കിടന്ന് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച് കാറിനുള്ളിലേക്ക് നിറയ്ക്കുകയും ചെയ്തു.
എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ മുട്ടൻ പണിയാണ് താരത്തെ തേടിയെത്തിയത്. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു.
ദിനം പ്രതി യൂട്യൂബേഴ്സിന്റെ എണ്ണം കൂടി വരുന്നതിനാൽ റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ ചെയ്തതെന്നാണ് സഞ്ജു ടെക്കിയുടെ മറുപടി.