ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പിടി മുറുക്കി ആർടിഒ. നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള് ഒരുക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്ടമാകും. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്ത് കുളിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.
സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇയാൾ സ്വിമ്മിംഗ് പൂളിൽ കിടന്ന് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച് കാറിനുള്ളിലേക്ക് നിറയ്ക്കുകയും ചെയ്തു.
എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ മുട്ടൻ പണിയാണ് താരത്തെ തേടിയെത്തിയത്. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി.