പയ്യന്നൂര്‍: എണ്‍പത്തിയാറാം വയസിലും പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തന്റെ വാദ്യമികവുമായി കഴിയുന്ന പുളിയാംപള്ളി ശങ്കരമാരാർ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം സുപരിചിതനാണ്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് ക്ഷേത്രവുമായും വിശ്വാസികളുമായുള്ള ഈ ഇഴയടുപ്പത്തിന് ആറര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പെരുമാളിന് മുന്നില്‍ നിത്യവും പന്തീരടി പൂജയ്ക്കും സന്ധ്യാവേലയ്ക്കും കൊട്ടിപ്പാടി സേവ നടത്തി വരുന്നത് ഇദ്ദേഹമാണ്.
ഉത്സവ ദിവസങ്ങളില്‍ പെരുമാള്‍ എഴുന്നള്ളുമ്പോള്‍ ഭക്തി തീവൃത വർദ്ധിപ്പിക്കുന്ന സോപാനസംഗീതവുമായും ശങ്കരമാരാരുണ്ടാകും. പയ്യന്നൂർ പെരുമാളിന് മുന്നിലെ ശങ്കരമാരാരുടെ സംഗീത സമര്‍പ്പിത ജീവിതമാണിത്. ചെണ്ട, മൃദംഗം, ഇടയ്ക്ക, തവില്‍ തുടങ്ങിയവയിലെല്ലാം പ്രാവീണ്യം നേടിയിട്ടുള്ള ശങ്കരമാരാര്‍ ശിഷ്യ സമ്പത്തിന്റെ കാര്യത്തിലും പിറകിലല്ല.
ഈ വര്‍ഷം മറ്റൊരു പ്രധാന ചുമതല കൂടി ശങ്കരമാരാര്‍ നിര്‍വഹിച്ചു. ആരാധനാ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ പെരുമാളിന് മുന്നില്‍ തായമ്പക അവതരിപ്പിച്ചതും ഇദ്ദേഹമാണ്. സഹോദരൻ കൃഷ്ണമാരാരിൽ നിന്നും സ്വായത്തമാക്കിയ തായമ്പകയിൽ മാസ്മരികതാളം തീർത്തത് ശിഷ്യഗണങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു. ഓസ്ട്രേലിയ, ദുബായ് എന്നിവിടങ്ങളിൽ ഇദ്ദേഹം സോപാനസംഗീതം അവതരിപ്പിച്ചിട്ടുണ്ട്.