കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നു ചോദ്യം ചെയ്യാനിരുന്നത് മാറ്റിവച്ചെങ്കിലും അദേഹത്തിന്റെ പാസ്പോര്‍ട്ടും വിദേശയാത്രാ രേഖകളും ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്കി.
കേസുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ മാറ്റിവച്ചത്.
ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നും എന്നാല്‍ മറ്റാരെങ്കിലും വഴി പാസ്പോര്‍ട്ടും വിദേശ യാത്രാ രേഖകളും കസ്റ്റംസ് ഓഫീസില്‍ ഇന്ന് എത്തിക്കണമെന്നുമാണ് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ശിവശങ്കര്‍ 14 വിദേശയാത്രകള്‍ നടത്തിയതെന്നു തെളിവുണ്ട്. ഇതില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു.
ഈന്തപ്പഴം ഇറക്കുമതിയില്‍ മാത്രമല്ല, വിദേശയാത്രകളിലും തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയ ബാഗേജുകളുടെ കാര്യത്തിലും ശിവശങ്കറെ കസ്റ്റംസ് സംശയിക്കുന്നു.
യുഎഇ കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു നിയമവിരുദ്ധമായി സ്വപ്ന ഡോളര്‍ കടത്തിയതിലെ ശിവശങ്കറിന്റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അറിയില്ല, ഓര്‍മയില്ല എന്നു തുടങ്ങിയ മറുപടികളുമായി അന്വേഷണ സംഘത്തെ ശിവശങ്കര്‍ വട്ടംകറക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികള്‍ ശിവശങ്കറെ പലപ്പോഴായി ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാന്‍ തക്ക തെളിവുകള്‍ ലഭ്യമായില്ല.
കസ്റ്റംസ് തന്നെ നാലു തവണയായി നാല്പതു മണിക്കൂറുകള്‍ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് ഇനി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയുള്ളൂ.