കോഴിക്കോട്: ശബരിമല സന്നിധാനം ശാന്തമായി നിൽകേണ്ട സ്ഥലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന്റെ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് ചിലർ ഇപ്പോഴും നടത്തുന്നത്. ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കൈയിൽതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സന്നിധാനത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ കാര്യങ്ങൾ ഇപ്പോൾ ശാന്തമായാണ് പോകുന്നത്. സുരക്ഷാ സംബന്ധമായ എല്ലാക്കാര്യങ്ങളും പോലീസിന്റെ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിനു വെളിയിലുണ്ടായ ചില നീക്കങ്ങൾ ഈ മണ്ണിലും തെളിയിക്കാമെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ ഇത്തരം പ്രശ്നക്കാരുടെ നീക്കങ്ങൾ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമസംഭവങ്ങളിൽ എന്താണ് നടന്നതെന്ന് പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.