ഗായകൻ സന്നിധാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി സന്നിധാനന്ദനന്റെ അധ്യാപികയും കേരളവർമ്മ കോളജ് റിട്ടയേഡ് പ്രിൻസിപ്പാളുമായ കൃഷ്ണകുമാരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പാടുക പ്രിയ സന്നിധാനന്ദാ. ഇവൻ സന്നിധാനന്ദൻ..എന്റെ ചെല്ലക്കുട്ടി..ഞങ്ങളുടെ പ്രിയപ്പെട്ടവൻ.
പണ്ട്, ഐഡിയ സ്റ്റാർ സിംഗറുകൾക്ക് മുൻപ് ശ്രീ കേരളവർമ്മ കോളേജിൽ ഒരു പ്രീഡിഗ്രി ക്ലാസ്.നാടകം ആണ് ക്ലാസിൽ എടുത്തിരുന്നതെന്ന് ഓർമ്മ.
ശ്ലോകങ്ങൾ,കവിതകൾ ഒക്കെയും കുട്ടികളെക്കൊണ്ട് പാടിക്കാറുണ്ട്. ചിലർ മടിച്ചു മടിച്ചു പാടാൻ നോക്കും.ചിലർ ഒഴിയും.ചിലർ മടിക്കാതെ പാടും. ചിലപ്പോൾ ഞാനും പാടും. അങ്ങനെ ക്ലാസ് തുടരും. ആ പ്രീഡിഗ്രി ക്ലാസിലും മുന്നിൽ സൈഡിൽ ഇരുന്ന ഒരു കൊച്ചു പയ്യനെ ഞാൻ വരികൾ ചൊല്ലാൻ വിളിച്ചു.
ഒട്ടും മടിക്കാതെ സന്തോഷത്തോടെ അവൻ ചൊല്ലി. സുന്ദരമായി. കുട്ടികൾ അന്നുമുതൽ അവനെ ശ്രദ്ധിച്ചുതുടങ്ങി. തമാശയിൽ പൊതിഞ്ഞും കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചിയും ചിലപ്പോൾ വലിയ കാരണവർ രീതിയിലും അവൻ ക്ലാസിൽ മുന്നേറി. ഏവർക്കും പ്രിയങ്കരനായി.
പ്രീഡിഗ്രിക്ക് ശേഷം മലയാളം ബിരുദം എടുത്തു. ഏറെ സന്തോഷകരമായ ദിവസങ്ങൾ.നിരന്തരം പുതുമയോടെ ക്ലാസ് തുടരാൻ ശ്രമിക്കാറുള്ള എനിക്ക് അവൻ ഉൾപ്പെട്ട ക്ലാസ് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു. ഞാൻ പലപ്പോഴും ചിന്തിക്കുകയും ഇടയ്ക്ക് പറയുകയും ചെയ്യാറുള്ള ഒന്നുണ്ട്.
ടീച്ചർ തന്റെ ക്ലാസ് കുട്ടികളെ ബോറടിപ്പിക്കാതെ ചെയ്യാൻ നോക്കണം. അതുപോലെ ടീച്ചർക്കും ബോറടിക്കാൻ ഇടയാകരുത് കുട്ടികൾ. ക്ലാസിൽ ഒട്ടും താൽപര്യമില്ലാത്ത മുഖത്തു നീരസം ചാലിച്ചു ഇരിക്കുന്ന കുട്ടികൾ ടീച്ചര്മാരെയും ബോറടിപ്പിക്കും(അക്കാര്യം പറഞ്ഞുകേൾക്കാറില്ല)ഇരുകൂട്ടരും തുല്യമായി നീതി പുലർത്തുമ്പോൾ മാത്രമേ ക്ലാസ് സജീവമാകൂ.
സന്നിയുടെ ക്ലാസ് ഓരോ ദിവസവും രസമായി മുന്നേറി. ഞങ്ങൾ ഏവരും ഒത്തുചേർന്നുപോയിരുന്നു.ക്ലാസിൽ സന്നിയുടെ പാട്ടുകൾ ജീവൻ ടോണിക്ക് ആയിമാറി. ക്ലാസിലും പുറത്തും അവനെ വിളിച്ചു എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ പാടിക്കുമായിരുന്നു.
എന്നാടി മുനിയമ്മാ, ഇരുമുടി താങ്കി, ഒരു ചെമ്പനീർ പൂവിറുത്തു, സാമജ സഞ്ചാരിണീ.. ഇതൊക്കെ ഇന്നും ഓർമ്മയിൽ പച്ചയായി നിൽക്കുന്നു. പിന്നെ ഐഡിയ സ്റ്റാർ സിംഗർ വരവായി. സന്നിധാനന്ദൻ തന്റെ കയ്യൊപ്പ് ചാർത്തിയ കാലം പിറന്നു.
കാണികൾക്കും ജഡ്ജസിനും ഏറ്റവും പ്രിയപ്പെട്ട മത്സരാർഥി. അതിന് ശേഷം കേരളവും മറുനാടുകളും സന്നിയെ ഏറ്റെടുത്തു. സന്നി പാടിക്കൊണ്ടിരിക്കുന്നു.
പാടുന്ന ഒരാൾക്ക് മുടി നീട്ടി വളർത്തണോ. വളർത്താമോ?
പാടുന്ന ഒരാൾക്ക് മുടി ഒരു പ്രോപ്പർട്ടിയാണ്. ആ അറിവ് ഒരുപക്ഷേ ടി വി മത്സരങ്ങൾ തന്നെയാകണം നമുക്ക് നൽകിയത്. പണ്ട് കോളേജിൽ വെച്ചു നടന്ന ഒരു ഗാനമേളയിൽ ശ്രീകുമാർ എന്നാണെന്ന് തോന്നുന്നു ആ ചെറുപ്പക്കാരന്റെ പേര്,അയാൾ മുടി ഒരു പ്രോപ്പർട്ടിയാക്കി മാറ്റിക്കൊണ്ട് ഒരു തമിഴ് പാട്ടു പാടി.ഉയിരുന്നുയിരേ.. ഗംഭീരമായിരുന്നു..ആ പാട്ടിൽ തന്റെ റബ്ബർ ബാൻഡ് ഇട്ടു ഒതുക്കി വെച്ചു പാടിത്തുടങ്ങിയ അയാൾ നാലാം വരിയായപ്പോൾ അതഴിക്കുകയും സമൃദ്ധമായ മുടിയെക്കൊണ്ടും നൃത്തം ചെയ്യിപ്പിച്ചു പാടി തകർക്കുകയും ചെയ്തു.
അജിതാ ഹരേ ഏറെപ്പേർക്കും ഇഷ്ടപ്പെടും മട്ടിൽ ഗൗരീലക്ഷ്മി പാടിയത് ഷോർട്ട് സ് ഇട്ടുകൊണ്ട്,മുടി സ്റ്റെപ്പ് കട്ടാക്കിക്കൊണ്ടും ആണ്.പാട്ട് ഒരു രംഗകല കൂടി ആയിരിക്കുന്നു എന്നു നാം തിരിച്ചറിയണം എന്ന് ചുരുക്കം.
ഇത്ര പറയുന്നത് സന്നിധാനന്ദൻ പാട്ടിൽ ഇനിയും എന്തൊക്കെ പരിഷ്ക്കാരങ്ങൾ വരുത്തണം, അതെത്ര ആസ്വാദ്യമാണ്, എന്ത് ഒഴിവാക്കണം, എങ്ങനെ പാടരുത്, എന്തു കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതെല്ലാം നമുക്ക് അവകാശത്തോടെ പറയാം. കാരണം കലാകാരൻ സമൂഹത്തിന്റെ പൊതുസ്വത്താണല്ലോ.
കലാകാരൻ അയാൾക്ക് സ്വന്തം ഇഷ്ടംപോലെ ഇതെല്ലാം തീരുമാനിക്കാൻ അവകാശം ഉള്ളവൻ ആണെങ്കിലും പൊതുജനം പറയുന്നത് കേൾക്കാനും ബാധ്യസ്ഥൻ ആണ്.അത് എങ്ങനെ പറയുമ്പോൾ ആണ് എന്നുകൂടി ചിന്തിക്കുക.സ്നേഹബുദ്ധ്യാ പറയുമ്പോൾ മാത്രം.അതിനാൽ വിഷം വമിക്കുന്ന വാക്കുകൾ തുപ്പിയിട്ട് അതവന്റെ നല്ലതിനാണ് എന്ന ആ ഏർപ്പാട് എന്തായാലും വേണ്ട.
രംഗവേദിയെ ചലിപ്പിക്കുവാൻ ഗായകർ തെരഞ്ഞെടുക്കുന്ന ആവിഷ്ക്കാരതന്ത്രങ്ങൾ അതേ രീതിയിൽ മനസ്സിലാക്കാൻ പ്രാപ്തി കൈവരിക്കുക എന്നേ ആ സ്ത്രീയോട് പറയാനുള്ളൂ.
സന്നിധാനന്ദൻ ഇനിയും പാടും. കേരളത്തിന്റെ സ്വത്തും മലയാളികളുടെ അഭിമാനവും ആയി മുടി വളർത്തിയും കുറി വരച്ചും ഇനി ഇതില്ലാതെയാണെങ്കിൽ അങ്ങനെയും പാടും. പാട്ടാണ് ജീവൻ. സന്നിക്കൊപ്പം ആ ജീവകല തുടിച്ചുകൊണ്ടിരിക്കുമെന്നത് സത്യം. പാടുക പ്രിയ സന്നിധാനന്ദാ.