തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടിൽ ഇന്ത്യ എയ്ക്കു തകർപ്പൻ ജയം. സ്വന്തം ഗ്രൗണ്ടിൽ ബാറ്റുകൊണ്ട് ഓണവിരുന്നൂട്ടിയ സഞ്ജുവിന്റെ (48 പന്തിൽ 91 റൺസ്) ബാറ്റിംഗ് കരുത്തിൽ 36 റണ്‍സിന് ദക്ഷിണാഫ്രിക്ക എ ടീമിനെ ഇന്ത്യ പരാജയപ്പെടുത്തി. മഴമൂലം 20 ഓവറായി ചുരുക്കിയ മത്സര ത്തിൽ ഇന്ത്യ കുറിച്ച 204 റണ്‍സിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സന്ദർശകർ 168 റൺസിന് പുറത്തായി. ഇതോടെ 4-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ ആർ.ആർ ഹെൻഡ്രിക്സ് (59) മാത്രമാണ് പൊരുതിയത്. ഹെൻഡ്രിക്സിനു പുറമേ വെറേണിക്ക് (24 പന്തിൽ 44 റണ്‍സ്) ശ്രമം നടത്തിയെങ്കിലും വിജയത്തിന് അതുമതിയാകുമായിരുന്നില്ല.
ക്യാപ്റ്റൻ താംബെ ബാവും, ജിഎഫ് ലിൻഡേ, എം.ജാൻസണ്, ബി.ഇ ഹെൻഡ്രിക്സ്, സി.ജെ ഡാല എന്നിവർക്ക് രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഓപ്പണർ മലാൻ (16), ക്ലാസൻ (14), ഖുഷേലി (16) എന്നിവർക്കും കാര്യമായി സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല.
നേരത്തെ സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ടുതന്നെയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. 48 പന്തിൽ നിന്ന് ഏഴു സിക്സും ആറും ഫോറും ഉൾ പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ഓപ്പണർ പ്രശാന്ത് ചോപ്ര (2) പുറത്തായപ്പോൾ മൂന്നാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു മികച്ച ഫോമിലായിരുന്നു. ശിഖർ ധവാനെ മറുവശത്ത് കാഴ്ചക്കാരനാക്കി സഞ്ജു ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നാല് മൂലകളിലേക്കും പായിച്ചു.
36 പന്തിൽ 51 റണ്‍സ് നേടിയ ധവാൻ സഞ്ജുവിന് മികച്ച പിന്തുണ നൽകി. ഇരുവരും രണ്ടാം വിക്കറ്റിൽ 135 റണ്‍സ് അടിച്ചെടുത്തു. 16-ാം ഓവറിൽ അവസാന പന്തിൽ സഞ്ജു പുറത്താകുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ എത്തിയിരുന്നു.
അവസാന ഓവറുകളിൽ നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗാണ് സ്കോർ 200 കടത്തിയത്. ശ്രേയസ് 19 പന്തിൽ 36 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്രൂറൻ ഹെൻട്രിക്സ്, ജോർജ് ലിൻഡെ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിൽ നാല് റണ്‍സിന്റെ വിജയം ദക്ഷിണാഫ്രിക്ക നേടി.