മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളി താരം സഞ്ജു വി. സാംസണ് ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു ഉൾപ്പെട്ടത്. ഫോമിലല്ലാത്ത ഋഷഭ് പന്തിന്റെ ബാക്ക് അപ്പ് ആയാണ് സഞ്ജുവിനെ സെലക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഓൾ റൗണ്ടർ ശിവം ദുബെയാണ് ടീമിലെ ഏക പുതുമുഖം. ബിസിസിഐയുടെ അധ്യക്ഷനും ഇന്ത്യൻ മുൻ താരവുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ നടന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം മുതൽ തുടർച്ചയായി കളിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ട്വന്റി-20 പരന്പരയിൽ വിശ്രമം അനുവദിച്ചു. കോഹ്ലിക്കു പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക. മൂന്ന് മത്സര പരന്പര നവംബർ മൂന്നിന് ആരംഭിക്കും.
അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയിൽ കോഹ്ലി ടീമിൽ തിരിച്ചെത്തും. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങിയ ടീമിനെ നിലനിർത്തി. എന്നാൽ, റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയ ഷഹ്ബാസ് നദീമിന് ഇടം ലഭിച്ചില്ല. രണ്ട് മത്സര ടെസ്റ്റ് പരന്പര നവംബർ 14നാണ് ആരംഭിക്കുക.
സഞ്ജു മൂന്നാം നന്പറിൽ?
പകരക്കാരൻ വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും മലയാളി താരം പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുമെന്നാണ് കണക്കുകൂട്ടൽ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാം നന്പറിൽ കളിക്കാനും സാധ്യതയുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയതും മികച്ച ഫോമിൽ കളിച്ചതുമാണ് സഞ്ജുവിന് തുണയായത്. വിജയ് ഹസാരെയിൽ 55.77 ശരാശരിയിൽ സഞ്ജു 502 റണ്‍സ് നേടിയിരുന്നു.
മൂന്നാം നന്പറിൽ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ തുടങ്ങിയവരിൽ ആരെയെങ്കിലും പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. പന്ത് വിക്കറ്റ് കീപ്പറായാൽ മുൻ മത്സരങ്ങളിൽ നാലാം നന്പറിലായിരുന്നു ഇറങ്ങിയിരുന്നത്. കെ.എൽ. രാഹുലും വിക്കറ്റ് കീപ്പിംഗ് പരിചയമുള്ള താരമാണ്.
മുംബൈക്കായി വിജയ് ഹസാരെ ട്രോഫിയിൽ ഇരുപത്താറുകാരനായ ദുബെ നടത്തിയ പ്രകടനമാണ് അദ്ദേഹത്തിനും സീനിയർ ടീമിലേക്കുള്ള വാതിൽ തുറന്നത്. ഇന്ത്യ എയ്ക്കുവേണ്ടിയും സമീപ നാളിൽ ദുബെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ട്വന്റി-20 ടീം: രോഹിത് (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, സഞ്ജു, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദർ, കൃണാൽ പാണ്ഡ്യ, യുസ് വേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, ശിവം ദുബെ, ഷാർദുൾ ഠാക്കുർ.
ടെസ്റ്റ് ടീം: കോഹ്ലി (ക്യാപ്റ്റൻ), രോഹിത്, മായങ്ക് അഗർവാൾ, പൂജാര, രഹാനെ, ഹനുമ വിഹാരി, സാഹ, ജഡേജ, അശ്വിൻ, കുൽദീപ് യാദവ്, ഷാമി, ഉമേഷ് യാദവ്, ഇഷാന്ത്, ശുഭ്മാൻ ഗിൽ, പന്ത്.