പയ്യന്നൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എൻ.വി. സനൂപിനെ മരണം തട്ടിയെടുത്തത് വിവാഹ ഒരുക്കങ്ങള്‍ക്കിടെ.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍.വി.ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് സനൂപ്. കഴിഞ്ഞമാസം നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 11ന് വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വേര്‍പാട്.
നീലേശ്വരം തെരുവിലെ യുവതിയുമായി ഉറപ്പിച്ച വിവാഹത്തിനായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛൻ ചന്ദ്രനും കുടുംബാംഗങ്ങളും. വീടിന്റെ പെയിന്റിംഗ് നടക്കുന്നതിനിടയില്‍ ഇന്നലെ രാവിലെയെത്തിയ മരണവാർത്ത ആദ്യമാര്‍ക്കും വിശ്വസിക്കാനായില്ല.
ബംഗളൂരുവിലെ കോണ്ടിനന്റല് ഓട്ടോമോട്ടീവ് കംപോണന്റ്സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനൂപിനെ എറണാകുളത്ത് ജോലിചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാനുള്ള യാത്രയ്ക്കിടയിലാണ് മരണം തട്ടിയെടുത്തത്.
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് സനൂപ് ബസില്‍ കയറിയത്. ഈ ബസിലെ 14-ാം നമ്പര്‍ സീറ്റിലിരുന്നുള്ള യാത്രയിലും സനൂപ് നെയ്തുകൂട്ടിക്കൊണ്ടിരുന്ന വിവാഹസ്വപ്നങ്ങളാണ് അപകടത്തിന്റെ രൂപത്തിലെത്തിയ മരണം ഒരുനിമിഷംകൊണ്ട് കശക്കിയെറിഞ്ഞത്.
ഒപ്പം മകനിലുള്ള വീട്ടുകാരുടെ ഒരുപാട് പ്രതീക്ഷകളും. സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരൻ രാഹുല്‍ വിദ്യാർഥിയാണ്.