കാക്കനാട്: പെൺകുട്ടിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ സംഭവം കാരണം അറിയാൻ കഴിയാതെ ബന്ധുക്കളും പോലീസും. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന പിതാവിനെ കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് ഇന്ന് രാവിലെ മുതൽ പുഴയിൽ തെരച്ചിൽ തുടങ്ങി.
ഇന്നലെ ഉച്ചയോടെയാണ് കളമശേരി മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിഡ്ജിനു സമീപത്തുനിന്നാണ് പതിമൂന്ന് വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് സനൂപ് മോഹനും ഭാര്യ രമ്യയും മകൾ വൈഗയും താമസിച്ചിരുന്നത്.
ഞായറാഴ്ചച വൈകീട്ടോടെ ആലപ്പുഴയിൽ പോയി ഭാര്യയെ ബന്ധുവീട്ടിലാക്കിയ ശേഷം മകളൊന്നിച്ച് സനൂപ് മറ്റൊരു ബന്ധുവിന്റെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോന്നതാണ്.രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നു ബന്ധുവീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ലെന്നു അറിഞ്ഞു.
തുടർന്ന് കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ എ ത്തി അന്വേഷിച്ചപ്പോൾ സനൂപും മകളും കാറിൽ ഫ്ളാറ്റിൽ എത്തിയതായി അറിഞ്ഞു. മറ്റു മൂന്നു പേർ സനൂപിനെ അന്വേഷിച്ചു വന്നതായി ഫ്ളാറ്റിലെ സെക്യൂരിറ്റി പറഞ്ഞു.
പിതാവിനേയും മകളേയും കാണാതായത് സംബന്ധിച്ച് ഞായറാഴ്ച രാത്രിയിൽ തന്നെ തൃക്കാക്കര പോലീസിൽ ബന്ധുക്കൾ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ മുട്ടാർ പുഴയിൽ ഒരു കുട്ടിയുടെ ജഡം പൊങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്.
പരിശോധനയിൽ കാണാതായ പെൺകുട്ടി വൈഗയുടേതാണെന്ന് മൃതദേഹമെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പിതാവ് സനൂപിനെയും ഉപയോഗിച്ചിരുന്ന കാറും കണ്ടെത്തുന്നതിനായി പോലീസും ഫയർഫോഴ്സും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വൈഗയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.