കുന്നംകുളം: ചിറ്റിലങ്ങാട് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.പ്രദേശവാസിയും ബിജെപി അനുഭാവിയുമായ നന്ദൻ എന്നയാളുടെ നേതൃത്വത്തിൽ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇവർ രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് നാളുകളായി കഞ്ചാവ് വിതരണ മാഫിയ സജീവമായിരുന്നു. ഇതിനെ ഡിവൈഎഫ്ഐ യുടെ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.
ഇതേച്ചൊല്ലി പ്രവർത്തകർ തമ്മിൽ തർക്കവും നിലനിന്നിരുന്നു. ഇവരെ പ്രതികളുടെ തട്ടകത്തിലേക്ക് വിളിച്ചുവരുത്തിയത്.
സനൂപ് ഉൾപ്പെടുന്ന സംഘത്തെ ഇവർ നേരിടുകയായിരുന്നു. കുത്തേറ്റ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിൽ കുഴഞ്ഞുവീണ സനൂപ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
സിപിഎം പ്രവർത്തകരായ അഭിജിത്ത്, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.യാതൊരു പ്രകോപനവും ഇല്ലാതെ ഇവർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി.