വൈക്കം: അമ്മമാർ ശ്രദ്ധിക്കാൻ. അടുക്കളയിൽ കുട്ടികളെത്തിയാൽ ഇഢലിപ്പാത്രവും കലവുമടങ്ങിയ പാത്രങ്ങൾ മാറ്റിവയ്ക്കുക. സംസ്ഥാനത്ത് ഇത്തരത്തിലുള്ള അപകടങ്ങളിൽ കുട്ടികൾ പെടുന്നത് പതിവു കാഴ്ചയാവുകയാണ്. ഇത്തരത്തിൽ ഇന്നലെ തലയാഴത്ത് മൂന്നു വയസുകാരിയുടെ വിരൽ ഇഢലിപ്പാത്രത്തിന്റെ നടുവിലെ ദ്വാരത്തിൽ അകപ്പെട്ടിട്ട് ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. അതും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്റ്റീൽ പാത്രം മുറിച്ചാണ് കുട്ടിയുടെ വിരൽ പുറത്തെടുത്തത്.
വൈക്കം തലയാഴം മലയിൽപറന്പിൽ രഞ്ജിത്തിന്റെ മകൾ സൻസിയ (മൂന്ന്) യുടെ ഇടതു കൈയിലെ ചുണ്ടുവിരലാണ് സ്റ്റീൽ ഇഢലിപ്പാത്രത്തിന്റെ നടുവിലെ ദ്വാരത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നു കുടുങ്ങിയത്. ഒരു മണിക്കൂറോളം വീട്ടുകാരും നാട്ടുകാരും കുഞ്ഞിന്റെ വിരൽ ഉൗരിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് വൈക്കം ഫയർ സ്റ്റേഷനിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാറിന്റെ നേതൃത്വത്തിൽ വൈക്കം ഫയർ ഫോഴ്സ് ജീവനക്കാർ അരമണിക്കൂണിക്കൂറിനകം അപകടം കൂടാതെ പാത്രം മുറിച്ചു വിരൽ വേർപെടുത്തി.
വേദനയിൽ പുളഞ്ഞ് കരഞ്ഞു തളർന്ന കുഞ്ഞിനെ അപകടത്തിൽ നിന്നു രക്ഷപ്പെടുത്തിയ ശേഷം ഐസ്ക്രീം നൽകി സന്തോഷിപ്പിച്ചാണ് ഫയർഫോഴ്സ് മടക്കിയത്. രക്ഷാപ്രവർത്തനത്തിന് ലീഡിംഗ് ഫയർമാൻ സി.ആർ. ജയകുമാർ, ഫയർമാൻമാരായ റെജിമോൻ,സനീഷ്. രഞ്ജിത്,അലക്സ്,അമർജിത്, പ്രസു കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.