കോട്ടയം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയത്ത് ക്രിസ്മസ് പപ്പ വിളംബരയാത്ര ബോണ്‍ നത്താലേ സീസണ് -ത്രീ നാളെ നടക്കും. വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും.
തിരുനക്കര മൈതാനത്തേക്കാണ് റാലി. തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തില്‍ കോട്ടയത്തെ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് കേക്ക് മുറിക്കും. തുടര്‍ന്ന് കോട്ടയത്തെ വിവിധ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്മസ് ദൃശ്യാവിഷ്കാരവുമുണ്ടായിരിക്കും.
മുവായിരത്തിലധികം പപ്പമാര്‍ അണിനിരക്കുന്ന റാലിയില്‍ കാരിത്താസ് നഴ്സിംഗ് കോളജ്, കാരിത്താസ് ഫാര്‍മസി കോളജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം, ബിസിഎം കോളജ്, കെഇ സ്കൂള്‍, ചെത്തിപ്പുഴ നഴ്സിംഗ് കോളജ്, മേരിക്വീന്‍സ് നഴ്സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ നഴ്സിംഗ് കോളജ്, സെന്റ് റീത്താസ് നഴ്സിംഗ് കോളജ് നാലുകോടി, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളജ്, സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍, ഗിരിദീപം സ്കൂള്‍, കട്ടച്ചിറ മേരി മൗണ്ട് സ്കൂള്‍, കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍, നല്ലിടയന് പള്ളി, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ, പേരൂര്‍, നീറിക്കട് ഇടവകകള്‍, മാന്നാനം കെഇ കോളജ്, എസ്എച്ച് മൗണ്ട് സെമിനാരി, വടവാതൂര്‍ സെമിനാരി, ദര്‍ശന ഇന്റര്‍ നാഷണല്‍ സ്കൂള്‍, കോട്ടയം സെന്റ് ആന്‍സ് സ്കൂള്‍ തുടങ്ങിയ കോട്ടയത്തെ വിവിധ ക്രൈസ്തവ സംഘടനകളും സ്ഥാപനങ്ങളും ഭാഗമാകും.
ബോണ്‍ നത്താലേയില് പങ്കെടുക്കാനെത്തുന്നവര്‍ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് അഞ്ചിനു വൈകുന്നേരം 4.30ന് പോലീസ് പരേഡ് ഗ്രൗണ്ടിലെത്തണം. പപ്പ തൊപ്പി സൗജന്യമായി നല്‍കും. 2021ല്‍ ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുമായി ചേര്‍ന്ന് കോട്ടയത്തെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ ബോണ്‍ നത്താലേ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
കോട്ടയത്തിന്റെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബോണ്‍ നത്താലേ അക്ഷരനഗരിക്ക് പുത്തന്‍ ക്രിസ്മസ് അനുഭവമാകുമെന്നും സംഘാടക സമിതി ഭാരവാഹികളായ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്. കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പറഞ്ഞു.