ഒരു ഏഴു വയസ്സുകാരൻ സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോൾ വൈറലാകുന്നത്. ടാരന്റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവർ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നതും.
ഗാർഹിക പീഡനത്തെ തുടർന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാർപ്പിക്കുന്ന സേഫ് ഹെവൻ എന്ന അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ബ്ലേക്ക് എന്ന ഈ ഏഴുവയസുകാരൻ. കുറച്ച് ആഴ്ചകൾക്ക് മുന്പ് അവന്റെ അമ്മയാണ് അവന്റെ ബാക്ക്പാക്കിൽനിന്ന് സാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.
സാന്തയെ അഭിസംബോധന ചെയ്ത് ബാലൻ എഴുതിയ കത്തിൽ അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് അവൻ എഴുതിയിട്ടുണ്ട്.അവർക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവർ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്.
ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു. അവനെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന ആ കാലമെല്ലാം മറക്കാൻ ശ്രമിക്കുകയാണെന്നും ബ്ലേക്ക് എഴുതുന്നുണ്ട്. അവസാനം ക്രിസ്മസിന് അവനെന്തൊക്കെയാണ് വേണ്ടതെന്നും അവനെഴുതിച്ചേർക്കുന്നുണ്ട്. കുറച്ച് ചാപ്റ്റർ ബുക്ക്, ഒരു നിഘണ്ടു, ഒരു കോന്പസ്, ഒരു വാച്ച്… പിന്നെ ഒരു വളരെ വളരെ വളരെ നല്ല അച്ഛനേയും വേണം എന്നാണ് അവനെഴുതിയിരിക്കുന്നത്.
ഈ കത്ത് വെളിയിൽ വന്നതോടെ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബ്ലേക്ക് ആവശ്യപ്പെടുന്ന സമ്മാനങ്ങൾ എത്തിക്കാമെന്ന് കമന്റ് ചെയ്തു. ചിലരാകട്ടെ ആ അഭയകേന്ദ്രത്തിൽ കഴിയുന്ന മറ്റ് കുട്ടികൾക്ക് കൂടിയുള്ള സമ്മാനങ്ങളെത്തിക്കാമെന്നും കമന്റ് ചെയ്തിരുന്നു.
തങ്ങളെ പിന്തുണയ്ക്കുന്നവർ നേരത്തെ ഈ കത്തിനെ കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഇതേ തരത്തിലുള്ള പ്രതികരണം തന്നെയാണ് ഉണ്ടായതെന്നും പലരും സഹായിക്കാൻ മുന്നോട്ട് വരുന്നുവെന്നും അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ പറയുന്നു. ഏതായാലും അച്ഛന്റെ ഉപദ്രവം സഹിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളും ഭർത്താക്കന്മാരുടെ ഉപദ്രവം സഹിക്കേണ്ടിവരുന്ന ഭാര്യമാരും അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഏഴുവയസുകാരന്റെ കത്ത്.