ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്താക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് പണി തെറിച്ച ജീവനക്കാരൻ ഒടുവിൽ മാപ്പുപറഞ്ഞ് തടിയൂരി.
കഴിഞ്ഞ 14 വര്‍ഷമായി ഫ്രാങ്ക് സ്കിന്നര്‍, ജോര്‍ജിയയിലെ വെയ്ക്രോസിലെ വെയ്‌ക്രോസ് ഷോപ്പിംഗ് സെന്‍ററില്‍ സാന്‍റയായി വേഷമിടുന്നു. എന്നാല്‍ ഷിഫ്റ്റിനിടെ സാന്‍റയുടെ വേഷത്തില്‍ “ട്രംപ് 2020′ എന്നെഴുതിയ തൊപ്പി ധരിച്ചു നില്‍ക്കുന്ന സ്കിന്നറുടെ ചിത്രം ഫെയ്സ് ബുക്കില്‍ പ്രചരിച്ചതോടെ സംഭവം വിവാദവുമായി.
ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരം തനിക്ക് ലഭിച്ചതോടെയാണ് ഞാന്‍ അതറിയുന്നതെന്ന് മാളിന്‍റെ മാനേജര്‍ പറഞ്ഞു. ‘സാന്‍റായ്ക്ക് എങ്ങനെ ട്രംപിന്‍റെ തൊപ്പി ധരിക്കാന്‍ കഴിയും’ എന്ന് സ്കിന്നറുടെ ചിത്രം കണ്ട ഒരാള്‍ ഫേസ്ബുക്കില്‍ കമന്‍റ് ഇട്ടിരുന്നു.
സംഭവം വിവാദമായതോടെ സ്കിന്നറെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. താന്‍ ചെയ്തത് തെറ്റായിപ്പോയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് സ്കിന്നര്‍ മാള്‍ മാനേജ്മെന്‍റിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടൻ ഒരു തീരുമാനമെടുക്കുമെന്ന് സ്കിന്നറുടെ മാപ്പപേക്ഷയ്ക്ക് മാനേജ്മെന്‍റ് മറുപടി നല്‍കി.
വെയ്സ്‌ക്രോസ് മാള്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാത്തതിനാല്‍ ഇതിനൊരു പരിഹാരം ഉടന്‍ കാണുമെന്നും മാള്‍ മാനേജര്‍ ജയിംസ് വൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ അറിവോടു കൂടിയല്ല ഈ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അനുകൂല പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന തന്‍റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ ചിത്രത്തിന് മാപ്പ് ചോദിച്ച സ്കിന്നര്‍, ഇതൊരു വിവാദമാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എഴുതി.
മാള്‍ അടയ്ക്കാന്‍ സമയമായ സമയത്ത് കുട്ടികളൊന്നും ചുറ്റുപാടും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് സാന്‍റാ തൊപ്പി മാറ്റി ട്രംപ് തൊപ്പി ധരിച്ച സമയത്ത് തമാശയ്ക്കായി ഒരു ചിത്രത്തിന് പോസ് ചെയ്തതാണെന്നും സ്കിന്നര്‍ പറഞ്ഞു. തികച്ചും വ്യക്തിപരമായ ഉപയോഗത്തിനായാണ് എന്‍റെ സ്വന്തം ഫോണില്‍ ആ ചിത്രമെടുത്തത്. പിന്നീട് കണ്ടു ചിരിക്കാനായിരുന്നു അത്. ആ ചിത്രം ഞാനെന്‍റെ സ്വകാര്യ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു. അത് വിവാദമാകുകയും ചെയ്തു. – സ്കിന്നര്‍ പറയുന്നു. ചിത്രത്തിലൂടെ ആരെയും വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ ഫേസ്ബുക്ക് പേജില്‍ ആരോ ചിത്രം കണ്ടുവെന്നും മാള്‍ മാനേജ്മെന്റിന് സ്ക്രീന്‍ഷോട്ട് അയച്ചതായും താന്‍ വിശ്വസിക്കുന്നുവെന്ന് സ്കിന്നര്‍ പറഞ്ഞു. സംഭവം പുറത്തായ ഉടനെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സാന്‍റയുടെ ഡ്യൂട്ടിയില്‍ നിന്ന് തന്നെ നീക്കം ചെയ്യുമെന്ന് മാനേജ്മെന്‍റ് അറിയിച്ചതായും എന്നാല്‍ തന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കുവേണ്ടി ഒരു സുഹൃത്ത് ആരംഭിച്ച ‘ഗോ ഫണ്ട് മീ’ പേജിലൂടെ സമാഹരിച്ച തുക തിരിച്ചു നല്‍കാന്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും, ആ ഫണ്ട് ശേഖരണ പേജിലൂടെ ആഴ്ചയില്‍ 1000 ഡോളറാണ് ലഭിച്ചിരുന്നതെന്നും സ്കിന്നര്‍ പറഞ്ഞു.
“സാന്‍റയുടെ വേഷം ചെയ്യുന്ന നിലയില്‍ സാമ്പത്തികമായി എനിക്ക് എത്രത്തോളം പ്രധാനമാണെന്ന് അറിയാവുന്ന ഒരു സുഹൃത്താണ് എന്നോട് ദയ തോന്നി ഗോ ഫണ്ട് മീ ആരംഭിച്ചത്. സംഭാവന നല്‍കിയ ആര്‍ക്കും പണം മടക്കി നല്‍കുന്നതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല.’ ഫെയ്സ്ബുക്കില്‍ സ്കിന്നർ കുറിച്ചു
റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍ചിറ