ചാലക്കുടി: റോഡിൽനിന്നും കളഞ്ഞുകിട്ടിയ നാലു പവനോളം തൂക്കംവരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകിയ യുവതി സത്യസന്ധതയ്ക്കു മാതൃകയായി.
എലിഞ്ഞിപ്ര നായരങ്ങാടി തുലാപറന്പൻ സിജോയുടെ ഭാര്യ സിയൊയാണു മാതൃകയായത്. തൊഴിലുറപ്പു തൊഴിലാളി എലിഞ്ഞപ്ര നായരങ്ങാടി തുരുത്തുമേൽ ശാന്തയുടേതായിരുന്നു മാല.
ചാലക്കുടി ടൗണിലെ ഒരു സ്ഥാപനത്തിലാണു സിയൊ ജോലി ചെയ്യുന്നത്. ബസ് കിട്ടാത്തതിനെ തുടർന്നു സ്ഥാപനത്തിലേക്കു നടന്നു പോകുന്നതിനിടെയാണ് റോഡിൽനിന്നും സ്വർണമാല കളഞ്ഞു കിട്ടിയത്.
സഹോദരനോടൊപ്പം ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി മാല പോലീസിലേല്പിച്ചു. സാമൂഹ്യമാധ്യമങ്ങൾവഴി വിവരം അറിയിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലെ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ശാന്ത തന്റെ മടിയിൽ വച്ചിരുന്ന മാല നഷ്ടപ്പെട്ടത് അറിയുന്നത്.
തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്ഐമാരായ എം.എസ്. ഷാജൻ, ഡേവീസ് എന്നിവരുടെ സാന്നിധ്യത്തിൽ സിയൊ മാല ശാന്തയ്ക്കു കൈമാറി.