കേരളത്തില്‍ അരങ്ങേറിയ പ്രളയത്തിനൊപ്പം അല്ലെങ്കില്‍ അതിനേക്കാളപ്പുറമുള്ള സഹായ പ്രളയമാണ് കേരളത്തിന് ലഭിച്ചത്, അല്ലെങ്കില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായ ഒരു സഹായമാണ് ശാന്തകുമാരി എന്ന വൃദ്ധയുടെ ഭാഗത്തുനിന്ന് കേരളത്തിന് ലഭിച്ചത്.
തന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന തുക മുഴുവന്‍ പിന്‍വലിച്ച് ആ തുകയ്ക്ക് മുഴുവന്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുള്ള ക്യാമ്പിലേക്കുള്ള അവരുടെ വരവ് പ്രശസ്തമായി. എന്നാല്‍ ക്യാമ്പില്‍ വച്ച് അവര്‍ തന്റെ ചിത്രങ്ങളും വീഡിയോയുമെടുത്തവരോട് പറഞ്ഞ ചില വാക്കുകള്‍ അതിനേക്കാളധികം ആളുകള്‍ക്ക് ഊര്‍ജം പകരുന്നതായിരുന്നു.
‘നിങ്ങളെന്റെ വിഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്. മൂപ്പര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്…’. തന്റെ വീഡിയോ എടുത്ത പയ്യനോട് ശാന്തകുമാരിയുടെ വാക്കുകളാണിത്.
അധികൃതരുടെ പോലും കണ്ണുനിറച്ചു, ശാന്തകുമാരിയുടെ ആ പ്രവര്‍ത്തിയും വാക്കുകളും. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്കാണ് ശാന്തകുമാരി താമസിച്ചിരുന്നത്. ജീവിതസമ്പാദ്യത്തില്‍ നിന്നാണ് ഈ അമ്മ ഒരു ലക്ഷം രൂപയുടെ സാധനങ്ങളുമായി വയനാട് കളക്ടറേറ്റിനു മുന്നിലെ കളക്ഷന്‍ പോയിന്റില്‍ വന്നിറങ്ങിയത്.
മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ മുതല്‍ ഒറ്റക്ക് താമസിക്കുന്ന ശാന്തകുമാരി പ്രളയ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കുളിമുറിയില്‍ വീണ് കൈയ്ക്ക് പരുക്കേറ്റിരിക്കുകയാണ് ഈ അമ്മയ്ക്ക്. എന്നാല്‍ കേരളം ഇന്ന് അനുഭവിക്കുന്ന വേദനയുടെ അത്രത്തോളം വരില്ല തന്റെ കയ്യുടെ വേദന എന്നാണ് ശാന്തകുമാരി പറയുന്നത്.