കടുത്തുരുത്തി: രാവിലെ നടക്കാനിറങ്ങിയ കുട്ടികൾക്കു നേരേ തെരുവ് നായ്ക്കളുടെ ആക്രമണം.
തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ ആറു വയസുകാരൻ അയൽവീട്ടുമുറ്റത്തെ കിണറ്റിൽ വീണു. പിന്നാലെ ചാടിയ യുവാവ് കുട്ടിയെ രക്ഷിച്ചു.
കുട്ടിയുമായി യുവാവ് കയറിൽ തൂങ്ങിക്കിടന്നാണ് രക്ഷകനായത്. ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്കു കയറ്റി രക്ഷിച്ചത്.
ഇന്നലെ രാവിലെ ആറോടെ പെരുവ കുന്നപ്പിള്ളി വേലിയാങ്കരയിലാണ് സംഭവം. കുന്നപ്പിള്ളി കോയിക്കൽ ഗിരീഷ്-സുജ ദന്പതികളുടെ ഇളയ മകൻ ദേവാനന്ദ് (നന്ദു ) ആണ് അപകടത്തിൽപെട്ടത്.
നന്ദുവും അയൽവാസി ശ്രീഹരിയും രാവിലെ നടക്കാൻ പോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
നായ്ക്കൾ പുറകെയുണ്ടോയെന്നറിയാൻ തിരിഞ്ഞു നോക്കുന്നതിനിടെയാണ് വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിലേക്കു നന്ദു വീണത്.
കിണറിന്റെ മുകളിലിട്ടിരുന്ന വലയും പൊട്ടിച്ചു കുട്ടി കിണറ്റിലേക്കു വീഴുകയായിരുന്നു. സംഭവം കണ്ട ഒക്കരണ്ടിയിൽ വീട്ടിൽ റെജിയുടെ ഭാര്യ സ്മിത ഉറക്കത്തിലായിരുന്ന റെജിയെ വിളിച്ചെഴുന്നേൽപിച്ചു.
റെജി കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്കു ചാടുകയായിരുന്നു. വെള്ളത്തിലേക്കു താണ കുട്ടിയെ ഉയർത്തിയെടുത്ത് തൊട്ടിയുടെ കയറിൽ പിടിച്ചുനിന്നാണ് യുവാവ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയറിട്ട് കൊടുത്തെങ്കിലും കുട്ടിയുമായി മുകളിലേക്കു കയറാൻ റെജിക്കു കഴിയാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
തുടർന്നു കടുത്തുരുത്തി ഫയർഫോഴ്സെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കുട്ടിക്കു പരിക്കുകളൊന്നുമില്ല. സംഭവം അറിഞ്ഞ് നിരവധി നാട്ടുകാരും റെജിയുടെ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു.