രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടി ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് നാട്ടിലെത്തിച്ചേക്കും.
ഒന്നാം പ്രതിയായ ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീം, രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ എന്നിവരെ തെളിവെടുപ്പിന് ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.
മുംബൈയിൽ നിന്നും ഇവരുമായുള്ള യാത്രയിലാണ് അന്വേഷണ സംഘം. രണ്ടു ദിവസം മുൻപാണ് അന്വേഷണ സംഘം പ്രതികളയെത്തിക്കാൻ മുംബൈക്ക് പോയത്.
ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയത്. നാളെ തെളിവെടുപ്പ് നടത്തി നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ഒക്ടോബർ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിജോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി വരവെ നവംബർ നാലു മുതൽ വസീമിനെയും ലിജിയെയും മകൾ ജൊവാനയെയും കാണാതായി.
തുടരന്വേഷണത്തിനിടയിൽ ഫാമിലെ കൃഷിയിടത്തിൽ നിന്ന് റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു.
ഇതിനിടെ ഒളിവിൽ പോയ വസീമിനെയും ലിജിയെയും വിഷം കഴിച്ച നിലയിലും റിജോഷിന്റെ രണ്ടര വയസുള്ള മകൾ ജൊവാനയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിലും മുംബൈ പനവേലിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തി.
തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരും അപകടനില തരണം ചെയ്തപ്പോൾ മുംബൈ പോലീസ് ജൊവാനയെ കൊലപ്പെടുത്തിയ കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഈ കേസിൽ മുംബൈയിലെ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് റിജോഷ് കൊലപാതക കേസിൽ തെളിവെടുപ്പിനെത്തിക്കുന്നത്. കൊലപാതകത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയതിനാൽ വിശദമായ തെളിവെടുപ്പും അന്വേഷണവുമാകും പോലീസ് നടത്തുക.