കോട്ടയം: രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് എന്ന ബഹുമതി സന്തോഷ് ജോർജ് കുളരങ്ങരയ്ക്ക് വൈകാതെ സ്വന്തമാകും.
റിച്ചാർഡ് ബ്രാൻസണ് ചെയർമാനായുള്ള വെർജിൻ ഗലാക്ടിക് എന്ന കന്പനിയാണ് ബഹിരാകാശത്തേക്ക് സന്തോഷ് ഉൾപ്പെടുന്ന ടീമിന് യാത്രയൊരുക്കുന്നത്.
പതിനഞ്ചു വർഷം മുൻപ് ഇതിനായി തുടങ്ങിയ ശ്രമം ഇനി ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് സന്തോഷ് ജോർജ് കോട്ടയം പ്രസ് ക്ലബിൽ പറഞ്ഞു.
ഏതു യാത്രയ്ക്കുമുള്ള റിസ്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ. ബഹിരാകാശ യാത്രയിലേക്ക് ഏറെ കഠിന പരിശീലനമാണ് നടന്നത്.
ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയർന്നെന്ന് തോന്നിപ്പിക്കുന്നതും അടുത്തത് ശരീരത്തിന് കനമേയില്ലെന്നു തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതാണ്.
സീറോ ഗ്രാവിറ്റി പരിശീലനം കഠിനമല്ല. കാരണം ബഹിരാകാശത്തായതിനാൽ ശരീരത്തിന് ഭാരം അനുഭവപ്പെടില്ല.
ആദ്യഘട്ടങ്ങളിൽ ഛർദിയും മറ്റും അനുഭവപ്പെട്ടിരുന്നു. പ്രത്യേക വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലേക്കു കുത്തനെ പതിക്കും.
ആദ്യം ഭയം തോന്നി. പിന്നീട് കൗതുകത്തിനും തമാശയ്ക്കുമൊക്കെ ആ അനുഭവം വഴിമാറിയെന്നും സന്തോഷ് ജോർജ് പറഞ്ഞു.