അൽത്താഫ് സലീം സംവിധാനം ചെയ്യ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശക്തമായ മടങ്ങിവരവാണ് മലയാളികളുടെ പ്രിയനായിക ശാന്തികൃഷ്ണ നടത്തിയത്. ഇരുപത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശാന്തി കൃഷ്ണ സിനിമയിലേക്കു മടങ്ങിയെത്തിയത്. സിനിമയിലേക്കുള്ള തന്റെ മടങ്ങി വരവിന് കാരണം നിവിൻ പോളിയും അൽത്താഫ് സലീമുമാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
ശാന്തി കൃഷ്ണയുടെ വാക്കുകൾ.
” അതൊരു നിമിത്തമാണ്. വിവാഹ സമയത്ത് പുതിയ പടങ്ങളൊന്നും കമ്മിറ്റ് ചെയ്യ്തിരുന്നില്ല. കുടുംബ ജീവിതത്തിലേക്കു കടന്നതോടെ സിനിമയിൽ നിന്നും അകന്നു പോയി. നിർണായകമായ പല ഘട്ടങ്ങളിലും എന്ന സഹായിച്ചത് സിനിമയാണ്. ഇരുപത്തിമൂന്ന് വർഷമെടുത്തെങ്കിലും എന്നെ കരകയറ്റിയത് സിനിമയാണ്. ദൈവാധീനമെന്നു പറയാം, സിനിമയിലെ ആരയെങ്കിലും വിളിച്ച് എനിക്ക് ഒരു ചാൻസ് തരുമോ എന്നു ചോദിച്ചു വന്നതല്ല.
നിവിൻ പോളിയും അൽത്താഫും എന്നെ തെരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലുമൊക്കയായി തെരഞ്ഞു കണ്ടുപിടിക്കണമെങ്കിൽ അത് ദൈവാദീനം തന്നെയല്ലെ. നമ്മൾ ഇത് ചെയ്യണമെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും. ഞണ്ടുകളുടെ നാട്ടിൽ ഒരിടവെളയിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കണമെന്ന് നിമിത്തമുണ്ട്. അതുകൊണ്ടാണ് ഇത്രെയും വർഷങ്ങൾക്കു ശേഷം എനിക്ക് മടങ്ങി വരനായത്. അവർക്ക് ആരെ വെച്ച് വേണമെങ്കിലും സിനിമ ചെയ്യാമായിരുന്നല്ലോ. എത്ര പേരെ നോക്കിയിട്ടുണ്ടാവണം. എന്നിലേക്ക് എത്താൻ അവർ ഒരുപാട് കഷ്ടപ്പെട്ടു.
ഞാൻ അമേരിക്കയിലായിരുന്നപ്പോൾ വാട്ട്സ്ആപ്പ് വഴിയാണ് ആദ്യം മെസേജ് ലഭിച്ചത്. സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം ചെയ്യാനാവില്ലെന്ന് തന്നെയാണ് കരുതിയത്. ഇടയ്ക്ക് നിവിൻ വിളിച്ച് എന്തായി ചേച്ചി എന്നു ചോദിച്ചപ്പോൾ പിന്നെ രണ്ടാമതൊന്നു ആലോചിക്കാതെ ഞാൻ സമ്മതിക്കുകയായിരുന്നു.’-ശാന്തി കൃഷ്ണ പറഞ്ഞു.