ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ശാന്തി കൃഷ്ണ. നീണ്ട ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണ സിനിമയിലേക്ക് തന്റെ മൂന്നാം തിരിച്ചു വരവ് നടത്തിയത്.
തിരിച്ചു വരവില്‍ ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചതോടെ ശാന്തി കൃഷ്ണയ്ക്കു സിനിമയില്‍ തിരക്കായി. ഇപ്പോഴിതാ, അഭിനയ രംഗത്തെ പഴയ കാലത്തെയും ഇപ്പോഴത്തെയും മത്സരത്തെക്കുറിച്ച് തുറന്നുപറയുകയാണ് ശാന്തി കൃഷ്ണ.
ഇവിടെ മലയാളത്തില്‍ ഇപ്പോള്‍ സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ ചിന്തിക്കുമ്പോള്‍ മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് എന്നീ നടിമാരുടെ പേരുകള്‍ മാത്രമാണ് സംവിധായകരുടെ മുന്നില്‍ വരുന്നത്.
ഞങ്ങളെപ്പോലെയുള്ളവര്‍ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. മുമ്പു നടിമാര്‍ക്കിടയില്‍ മത്സരം കുറവായിരുന്നു. കാരണം ഓരോരുത്തര്‍ക്കും ഓരോ ഏരിയ ഉണ്ടായിരുന്നു.
ഞാന്‍ സജീവമായി നിലനിന്നിരുന്ന കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന നടിയായിരുന്നു അംബിക, ജലജ, ഗീത തുടങ്ങിയവരൊക്കെ. ഒരു സിനിമയില്‍ അല്പം മോഡേണും ഗ്ലാമറസുമായ കഥാപാത്രമാണ് എങ്കില്‍ അവര്‍ അംബികയെ വിളിക്കും.
എനിക്കും ജലജയ്ക്കും കൂടുതല്‍ ദുഃഖപുത്രി ഇമേജാണ്. ഇതില്‍ രണ്ടിലും പെടുന്ന ആളാണ് ഗീത, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ തമ്മില്‍ ഒരു മത്സരത്തിന്റെ ആവശ്യമില്ലായിരുന്നു.
പക്ഷേ ഇന്ന് അതല്ല സ്ഥിതി. ഒരു നടി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ അവര്‍ സിനിമയില്‍ സ്ഥിരമായി നിലനില്‍ക്കണമെന്നില്ല. കാരണം അവരെ മറികടന്ന് അടുത്ത നായിക വരും. അത്രത്തോളം മത്സരം അഭിനയരംഗത്ത് ഇന്ന് നിലനില്‍ക്കുന്നുണ്ട്.
മലയാളത്തില്‍ ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയില്‍ ഒരു സബ്ജക്റ്റ് ചിന്തിച്ചാല്‍ ആദ്യം മനസില്‍ വരുന്നത് മഞ്ജു വാര്യരെയാണ് അതുമല്ലെങ്കില്‍ പാര്‍വതി. പക്ഷേ ഞങ്ങളെ പോലെയുള്ളവരുടെ കഥാപാത്രത്തിന് അനുസൃതമായ സ്ത്രീപക്ഷ സിനിമകള്‍ക്ക് സ്പേസ് കുറവാണ്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു നടിയെന്ന നിലയില്‍ എന്റെ പ്രകടനത്തെ വ്യത്യസ്തമായ രീതിയില്‍ മാര്‍ക്ക് ചെയ്തു പറയുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്. -ശാന്തി കൃഷ്ണ പറയുന്നു.