ഇന്ത്യൻ ക്രിമിനലുകളുടെ തലതൊട്ടമ്മ എന്ന വിളിപ്പേര് കിട്ടിയ വനിതയാണ് സന്തോക് ബെൻ ജഡേജ. കുറ്റകൃത്യങ്ങളുടെ വഴിയിലൂടെ കൂസലില്ലാതെ സഞ്ചരിച്ചതാണ് ഇവർക്കുമേൽ ഈ പേരു വീഴാൻ കാരണം.
സ്ത്രീ എന്നുള്ള പരിമിതകൾക്കൊന്നും ഇടമില്ലാത്ത രീതിയിൽ കുറ്റകൃത്യങ്ങളുടെ അമരം പിടിച്ചുകൊണ്ടാണ് സന്തോഷ് ബെൻ ജഡേജ നാടിനെ വിറപ്പിച്ചത്. ഗുജറാത്തിലെ പോർബന്ദർ, സൗരാഷ്ട്ര മേഖലകൾ ആയിരുന്നു സന്തോക് ബെന്നിന്റെ വിളയാട്ട മേഖല.
നാടുവിറപ്പിക്കുന്ന ക്രിമിനൽ ആയിരുന്നിട്ടും പിന്നീട് രാഷ്ട്രീയത്തിൽ എത്താനും ജനപ്രതിനിധിയാകാനും ഇവർക്കും കഴിഞ്ഞു. കൊടുംകൊള്ളക്കാരായിരുന്ന ഫൂലൻ ദേവിയും സീമ പരിഹാറും രാഷ്ട്രീയത്തിൽ വന്നു തിളങ്ങിതുപോലെ ഈ ഗുണ്ടാനേതാവും ഒരു കൈ പയറ്റി.
കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നു രാഷ്ട്രീയത്തിലേക്കു കയറുകയെന്നത് ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ലാതായി മാറിയിട്ടുണ്ട്.
ഗുണ്ടാ ഭർത്താവ്!
മഹേർ സമുദായ നേതാവ് സർമാൻ മുഞ്ജയാണ് സന്തോക് ബെന്നിന്റെ ഭർത്താവ്. പോർബന്ദറിലെ മഹാറാന മില്ലിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു സർമാൻ. ഇവരുടെ മില്ലിൽ നടന്ന പണിമുടക്ക് ഇയാളുടെ ജീവിതത്തിൽ വഴിത്തിരിവായി.
ഈ പണിമുടക്ക് തകർക്കാൻ മിൽ ഉടമ ശ്രമിക്കുകയും ഇതിനായി പ്രാദേശിക ഗുണ്ടാനേതാവ് ദേവു വാഗറിനെ ഉടമ ചുമതലപ്പെടുത്തുകയും ചെയ്തു.
പണിമുടക്കിയ തൊഴിലാളികളും ദേവു വാഗറിന്റെ ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഏറ്റുമുട്ടലിനൊടുവിൽ സർമാൻ ദേവി വാഗറിനെ കൊലപ്പെടുത്തി. ഇതോടെ സർമാനൊരു വീര പരിവേഷം മറ്റു തൊഴിലാളികൾക്കിടയിൽ വന്നു.
വൈകാതെ സാഹചര്യങ്ങളുടെ സമ്മർദം മൂലം സർമാനൊരു ഗുണ്ടാ നേതാവായി മാറി. തൊഴിലാളുടെ ഇടയിൽ ലഭിച്ച വീരപരിവേഷം തലയ്ക്കുപിടിച്ചതോടെ ഇയാൾ സ്വയം ഗുണ്ടാ നേതാവായി മാറുകയായിരുന്നു എന്നുപറയാം.
തോക്കിൽ തീർന്നു
എന്നാൽ, കുറേക്കാലം തല്ലും അടിപിടിയുമായി നടന്ന സർമാനു പിന്നീടു മനസ്താപം ഉണ്ടായി. അടിപിടിയും ഗുണ്ടാപ്രവർത്തനവും എല്ലാം നിർത്തി നേരായ വഴിയിൽ പോകാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, ഇതിനകം ഇഷ്ടം പോലെ ശത്രുക്കളെ സന്പാദിച്ചിരുന്ന സർമാന് അതു സ്വപ്നം മാത്രമായിരുന്നു.
ശത്രുക്കൾ അയാളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. ഗുണ്ടാപ്രവർത്തനം നിർത്തിയതോടെ അയാളെ വകവരുത്താൻ എളുപ്പമാണെന്ന് അവർ മനസിലാക്കി. അവസരം പാർത്ത് എതിരാളികൾ കാത്തിരുന്നു. അങ്ങനെ 1986 ഡിസംബറിൽ പക മനസിൽ സൂക്ഷിച്ചിരുന്ന കാല കേശവ് എന്ന ഗുണ്ടാനേതാവ് സർമാൻ മുഞ്ജയെ വെടിവച്ചു കൊലപ്പെടുത്തി.
സന്തോക് ബെൻ കളത്തിലേക്ക്
ഭർത്താവ് കൊല്ലപ്പെടുന്നതു വരെ സന്തോക് ബെൻ സാധാരണ ഒരു വീട്ടമ്മ ആയിരുന്നു. എന്നാൽ, ഭർത്താവിന്റെ കൊലയ്ക്കു ശേഷം സന്തോക് ബെന്നിൽ പ്രതികാരാഗ്നി നിറഞ്ഞു. മര്യാദയ്ക്കു ജീവിക്കാൻ തുടങ്ങിയ തന്റെ ഭർത്താവിനെ വകവരുത്തിയവരെ വെറുതെ വിടാൻ തയാറല്ലെന്ന് അവർ തീരുമാനിച്ചു.
ഭർത്താവ് തീറ്റിപ്പോറ്റിയ ഗുണ്ടാസംഘവും അവരുടെ ആജ്ഞ അനുസരിക്കാൻ തയാറായി രംഗത്തുവന്നു. ഇതോടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സന്തോക് ബെൻ ഭർത്താവിന്റെ ഗുണ്ടാസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
പലർക്കും അവിശ്വസനീയമായിരുന്നു ഈ കാഴ്ച. ഒരു പെണ്ണ്, അതും ഒരു വീട്ടമ്മ ഗുണ്ടാസംഘത്തിന്റെ തലൈവി ആവുക. ഇതു എടുത്തു ചാട്ടമാണെന്നുവരെ പലരും കരുതി. എന്നാൽ, സന്തോക് ബെൻ എന്ന അധോലോക നായികയുടെ വളർച്ച അവിടെ തുടങ്ങുകയായിരുന്നു.
(തുടരും)