മറ്റത്തൂർ: സന്തോഷ് ട്രോഫി താരം പി.സി.അനുരാഗിന്റെ വീട്ടിലെ ഇരുട്ടകറ്റാൻ വനംവകുപ്പ് സൗരോർജ വിളക്ക് സമ്മാനിച്ചു.
ഇന്നലെ രാവിലെ മറ്റത്തൂർ ഇത്തുപ്പാടത്തുള്ള അനുരാഗിന്റെ വീട്ടിലെത്തിയാണ് ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ.കീർത്തി സോളാർ വിളക്ക് സമ്മാനിച്ചത്.
അനുരാഗും കുടുംബവും താമസിക്കുന്ന ഓലക്കുടിലിൽ വൈദ്യുതിയില്ലാത്തതു കണക്കിലെടുത്താണ് വനംവകുപ്പ് സോളാർ വിളക്ക് സമ്മാനിച്ചത്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ ടി.എസ്.മാത്യു, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എസ്.ഷൈലൻ, ചുങ്കാൽ ബീറ്റിലെ വനപാലകർ എന്നിവരും ഡിഎഫ്ഒയോടൊപ്പം അനുരാഗിന്റെ വിട്ടിലെത്തി.
ജിതിന്റെ വീട്ടിൽ ആശംസകളുമായി മേയറെത്തി
ഒല്ലൂർ: സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിനുവേണ്ടി ആദ്യഗോൾ നേടിയ എം.എസ്.ജിതിന്റെ പെരുവാംകുളങ്ങരയിലെ വീട്ടിൽ മേയർ അജിത ജയരാജൻ ആശംസകളുമായെത്തി. മേയർ ജിതിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കൗണ്‍സിലർമാരായ എം.എൻ.ശശിധരൻ, സി.പി.പോളി, വർഗീസ് കണ്ടംകുളത്തി എന്നിവരും മേയറോടൊപ്പമുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് ജിതിനും സംഘവും തിങ്കളാഴ്ച ഏറെ വൈകിയാണ് സ്വന്തം വീട്ടിലെത്തിച്ചേർന്നത്.
കോർപറേഷന്റെ നേതൃത്വത്തിൽ വിപുലമായ സ്വീകരണ പരിപാടി സംഘടിപ്പിക്കുമെന്ന് മേയർ അറിയിച്ചു.അഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ജിതിന് സ്വീകരണം നൽകി. അഞ്ചേരി തിരുവിളയങ്ങാട്ട് ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൗണ്‍സിലർ സുരേഷിണി സുരേഷ് അധ്യക്ഷയായിരുന്നു. ക്രിസ്റ്റഫർ നഗറിൽ നിന്നും താളവാദ്യത്തിന്റെ അകന്പടിയോടെ പ്രകടനമായാണ് ക്ഷേത്രമൈതാനിയിലെ സ്വീകരണ സ്ഥലത്തേക്ക് ജിതിനെ ആനയിച്ചത്.