കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനു സന്പൂർണ സന്തോഷം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ബംഗാളിനെയും കേരളം കീഴടക്കി. ഇന്നലെ നടന്ന മത്സരത്തിൽ 90-ാം മിനിറ്റിൽ കെ.പി. രാഹുൽ നേടിയ ഗോളിൽ 1-0നാണ് കേരളം ജയമാഘോഷിച്ചത്.
ഇതോടെ എല്ലാം മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായി കേരളം സെമിയിലേക്ക് മാർച്ച് ചെയ്തു. ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ബംഗാളും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.
നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ഘട്ടം കടന്നത്. ഒന്പത് പോയിന്റുമായി ബംഗാൾ രണ്ടാം സ്ഥാനത്തോടെ സെമിയിൽ കടന്നു. 15 ഗോളുകളാണ് കേരളം എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത്.
സമനിലയാണെങ്കിലും ഗ്രൂപ്പ് ചാന്പ്യന്മാരാകാമെന്ന നിലയിലാണ് കേരളം ബംഗാളിനെ നേരിടാനിറങ്ങിയത്. മൂന്ന് മത്സരങ്ങൾ വീതം ജയിച്ച് ഇരുടീമുകളും നേരത്തേതന്നെ സെമിയിൽ ഇടംപിടിച്ചിരുന്നു.
കളിയിൽ ബംഗാളിനായിരുന്നു തുടക്കത്തിൽ മേധാവിത്തം. എന്നാൽ, എം.എസ്. ജിതിന്റെയും രാഹുലിന്റെയും ശ്രീരാഗിന്റെയും ജി. ജിതിന്റെയും മുന്നേറ്റങ്ങളിലൂടെ കേരളം പതുക്കെ കളിയിലേക്ക് തിരിച്ചെത്തി.
81-ാം മിനിറ്റിൽ ബംഗാളിന്റെ ടോപ് സ്കോററായ ബിദ്യാസാഗർ സിംഗിന്റെ ഗോൾശ്രമം വിഫലമായി. കേരള പ്രതിരോധവും കടന്ന് ഒറ്റയ്ക്കു മുന്നേറിയ ബിദ്യാസാഗറിന്റെ ക്രോസ് വലയിലാക്കാൻ ബംഗാൾ കളിക്കാർ ആരും ഉണ്ടായില്ല. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിപ്പിച്ച് 90-ാം മിനിറ്റിൽ എത്തിയപ്പോഴാണ് രാഹുലിന്റെ ഗോളെത്തിയത്. എം.എസ്. ജിതിന്റെ ക്രോസിൽനിന്നായിരുന്നു ഗോൾ പിറന്നത്.
ഗ്രൂപ്പിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര 7-2ന് മണിപ്പൂരിനെ തകർത്തു. രണ്ടുതവണ പിന്നിൽനിന്നശേഷമായിരുന്നു മഹാരാഷ്ട്രയുടെ ജയം. മാഹാരാഷ്ട്രയ്ക്കുവേണ്ടി രഞ്ജീത് സിംഗ് (59, 77, 90 മിനിറ്റുകൾ) ഹാട്രിക്ക് നേടി.
സഹിൽ ഭോകരെ (28-ാം മിനിറ്റ്), നിഖിൽ പ്രഭു (75-ാം മിനിറ്റ്), കിരണ് പദ്ഹാരെ (86-ാം മിനിറ്റ്), നഖിർ അൻസാരി (90+3-ാം മിനിറ്റ്) എന്നിവരാണ് മഹാരാഷ്ട്രക്കായി ഗോൾ നേടിയത്. ചാൻസോ ഹൊറാനും (17-ാം മിനിറ്റ്), ധനൻജോയ് സിംഗും (40-ാം മിനിറ്റ്) മണിപ്പൂരിനായി ലക്ഷ്യംകണ്ടു.
കേരളത്തിന്റെ എതിരാളിയെ ഇന്നറിയാം
സെമിയിൽ കേരളത്തിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ് കേരളം സെമിയിൽ നേരിടേണ്ടത്. കർണാടക, പഞ്ചാബ്, ഗോവ എന്നിവയാണ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തിനായി പോരാടുന്നത്. മിസോറാം മൂന്നു ജയത്തോടെ സെമിയിൽ കടന്നിട്ടുണ്ട്.
ഇന്നു നടക്കുന്ന മത്സരങ്ങളിൽ മിസോറാം കർണാടകയുമായും ഗോവ പഞ്ചാബുമായും ഏറ്റുമുട്ടും. കർണാടകയ്ക്കും പഞ്ചാബിനും ആറു പോയിന്റ് വീതവും ഗോവയ്ക്ക് മൂന്നു പോയിന്റുമാണുള്ളത്. ഗോൾ ശരാശരിയിൽ ഗോവയ്ക്ക് മുൻതൂക്കമുണ്ട്.