കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിനു സന്തോഷത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് കേരളം ചണ്ഡിഗഡിനെ തകർത്തു.
കിരീട പ്രതീക്ഷയോടെ ബംഗാളിലെത്തിയ കേരളത്തിന്റെ യുവനിര ആഗ്രഹിച്ച തകർപ്പൻ തുടക്കമായി ഇത്. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എം.എസ്. ജിതിനാണ് കേരളനിരയിൽ തിളങ്ങിയത്. 11, 51 മിനിറ്റുകളിലായിരുന്നു ജിതിന്റെ ഗോളുകൾ. സജിത് പൗലോസ് (18-ാം മിനിറ്റ്), വി.കെ. അഫ്ദൽ (49-ാം മിനിറ്റ്), വി.എസ്. ശ്രീക്കുട്ടൻ (77-ാം മിനിറ്റ്) എന്നിവരാണ് കേരളത്തിന്റെ മറ്റ് ഗോൾ നേട്ടക്കാർ. 88-ാം മിനിറ്റിൽ വിശാൽ ശർമയുടെ വകയായിരുന്നു ചണ്ഡിഗഡിന്റെ ആശ്വാസ ഗോൾ.
പതിമൂന്ന് പുതുമുഖങ്ങളുമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് എത്തിയത്. 4-4-2 ശൈലിയിലായിരുന്നു ഇരു ടീമും കളത്തിൽ വിന്യസിക്കപ്പെട്ടത്. മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് കേരളം ആധിപത്യം ഉറപ്പിച്ചെടുക്കുന്നതാണ് രവീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ കണ്ടത്. 11-ാം മിനിറ്റിൽത്തന്നെ ജിതിൻ കേരളത്തെ മുന്നിലെത്തിച്ചു. തുടർന്ന് കെ.പി. രാഹുൽ എടുത്ത ഷോട്ട് ചണ്ഡിഗഡ് ഗോളി രക്ഷപ്പെടുത്തി. 18-ാം മിനിറ്റിൽ സൈഡ്ലൈനിൽനിന്നു ലഭിച്ച ക്രോസ് വലയിലെത്തിച്ച് സജിത്ത് കേരളത്തിന്റെ ലീഡ് ഉയർത്തി.
അഫ്ദൽ മഞ്ഞക്കാർഡ് വാങ്ങുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. തൊട്ടുപിന്നാലെ ജിതിന്റെ ക്രോസിൽനിന്ന് അഫ്ദൽ ചണ്ഡിഗഡ് വല കുലുക്കി. കേരളം 3-0നു മുന്നിൽ. അടുത്ത ഉൗഴം ജിതിനായിരുന്നു. ഒറ്റയാൾ മുന്നേറ്റത്തിലൂടെ ജിതിൻ രണ്ടാം തവണയും ലക്ഷ്യം കണ്ടു. പിന്നാലെ ജിതിനെ പിൻവലിച്ച് ശ്രീക്കുട്ടനെ കോച്ച് കളത്തിലിറക്കി. 77-ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടി ശ്രീക്കുട്ടൻ സൂപ്പർ സബ് ആയി. കേരളത്തിന്റെ അഞ്ചാം ഗോൾ ആയിരുന്നു അത്.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ബംഗാൾ 3-0ന് മണിപ്പുരിനെ കീഴടക്കി. വിംഗർ സുമിത് ദാസും (ഏഴ്, 15 മിനിറ്റുകൾ) സ്ട്രൈക്കർ ബിദ്യാസഗർ സിംഗുമാണ് (82-ാം മിനിറ്റ്) ബംഗാളിനായി ലക്ഷ്യംകണ്ടത്. ഗ്രൂപ്പിലെ മറ്റൊരു ടീം മഹാരാഷ്ട്രയാണ്. കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മണിപ്പുരിനെതിരേയാണ്.