കടുത്തുരുത്തി: നിരവധി കേസുകളിലെ പ്രതിയായിരുന്നയാളെ എംവിഐപി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മങ്ങാട് വേങ്ങചുവട് ഷാപ്പിന് സമീപം താമസിക്കുന്ന ബ്രാഹ്മണവേലിൽ ദാമോദരന്റെ മകൻ സന്തോഷ് (വടിവാൾ സന്തോഷ്-47) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ വടക്കേനിരപ്പ് ഭാഗത്ത് സബ് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മൃതദേഹം ആദ്യം കാണുന്നത്.
തുടർന്ന് കടുത്തുരുത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ മരണത്തെക്കുറിച്ചു പോലീസ് അന്വേഷണം നടത്തുമെന്ന് സിഐ കെ.പി. തോംസണ് പറഞ്ഞു. 1995-96 കാലഘട്ടത്തിൽ കുറവിലങ്ങാട് എസ്ഐയെ മർദ്ധിച്ച കേസിലും ഈരാറ്റുപേട്ട സിഐയുടെ ബന്ധുവിനെ വെട്ടി പരിക്കേൽപിച്ച കേസിലും ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സ്് ജീവനക്കാരെ മർദിച്ച കേസുകളിലും ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
ഇലഞ്ഞിയിൽ ആയോധനകല പരിശീലിപ്പിക്കുന്ന കളരി നടത്തുകയും വിവിധ കളരികളിൽ പരീശിലകനുമായി പ്രവർത്തിച്ചിട്ടുമുണ്ട്. വെള്ളത്തിൽ മുങ്ങിയാണ് മരണം സംഭവിച്ചതെങ്കിലും എങ്ങനെയാണ് വെള്ളത്തിൽ വീണതെന്ന കാര്യം പരിശോധിക്കുമെന്നും സിഐ പറഞ്ഞു. രാത്രി വൈകിയും സന്തോഷിനെ കണ്ടവരുണ്ട്. ഷാപ്പിലും മരിച്ചു കിടന്ന കനാലിനുസമീപവും ഇയാളെ ആളുകൾ കണ്ടിരുന്നു.
ഇതേസമയം മൃതദേഹം കണ്ടെത്തിയ കനാലിൽ ഇന്നലെ പുലർച്ചെ നേരിയ വെള്ളമേ ഉണ്ടായിരുന്നുള്ളുവെന്നാണ് എംവിഐപിയുടെ എൻജിനിയർ പറഞ്ഞതെന്നു സിഐ പറഞ്ഞു.
പുലർച്ചയ്ക്കു ശേഷമാണ് കനാലിലൂടെ കൂടുതൽ വെള്ളം എത്തിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ശാസ്ത്രീയമായി പരിശോധിക്കും. രക്ത സാന്പിളും ആന്തരികാവയവങ്ങളും പരിശോധിക്കും. നെറ്റിയുടെ മുകളിൽ ചെറിയൊരു മുറിവ് കണ്ടിരുന്നു. എന്നാൽ ഇതു വീഴ്ച്ചയിൽ ഉണ്ടായതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. സന്തോഷിനെതിരേ 1994-96 വർഷങ്ങളിലാണ് കേസുകൾ എടുത്തിരിക്കുന്നതെന്നും പിന്നീട് ഇയാൾക്കെതിരേ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും സിഐ പറഞ്ഞു.കൗസല്ല്യയാണ് മാതാവ്. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് മങ്ങാടുള്ള വീട്ടുവളപ്പിൽ നടക്കും.