തൃപ്പൂണിത്തുറ: മദ്യലഹരിയിൽ ഉണ്ടായ വഴക്കിനിടയിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. ഉദയംപേരൂർ വലിയകുളം മുച്ചീർക്കാവിന് സമീപം ഞാറ്റിയേൽ വീട്ടിൽ സന്തോഷ് (42) ആണ് പിതാവ് മണി (70 )യുടെ കുത്തേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. തെങ്ങു കയറ്റത്തൊഴിലാളിയാണ് മണി. മദ്യപിച്ച് ഇരുവരും വഴക്കിടുന്നത് പതിവായതിനാൽ സമീപവാസികൾ ഇടപെട്ടിരുന്നില്ല.
വെള്ളിയാഴ്ച രാത്രിയും അമിതമായി മദ്യപിച്ചു വന്ന സന്തോഷ് മണിയുമായി വഴക്കിട്ടിരുന്നു. വാക്കേറ്റത്തിനിടെ പിതാവ് മകനെ കത്തിക്ക് കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ സന്തോഷ് തൽക്ഷണം മരിച്ചു.
മണി തന്നെയാണ് മകനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് പോലീസിൽ ഹാജരായി. പ്രതിയെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷും മണിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
സന്തോഷിന്റെ അമ്മ നേരത്തെ മരിച്ചതാണ്.സഹോദരൻ രതീഷ് ഇവരുടെ അമിത മദ്യപാനവും വഴക്കും മൂലം ബന്ധുവീട്ടിലാണ് താമസം.
കൊല്ലപ്പെട്ട സന്തോഷ് പെയിന്റിംഗ് തൊഴിലാളിയും അവിവാഹിതനുമാണ്. ഉദയം പേരൂർ പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.