തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂർ ചോമന്റെവിട സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഇന്നു കോടതിയിൽ കീഴടങ്ങും. കേസിലെ രണ്ടാം പ്രതിയായ അണ്ടല്ലൂർ പാലയാട്ടെ കാർത്തികയിൽ നിഥുൽ രമേശ് എന്ന അപ്പുവാണ് (23) ഇന്നു കോടതി മുന്പാകെ കീഴടങ്ങാൻ സാധ്യത. കഴിഞ്ഞ രണ്ടാഴ്ചയായി രഹസ്യകേന്ദ്രത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടുന്നതിനായി പോലീസ് വ്യാപകമായ റെയ്ഡുകൾ നടത്തിയിരുന്നു.
എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നിഥുൽ ഉൾപ്പെടെ എട്ടു പ്രതികളാണ് ഈ കേസിലുള്ളത്. മൂർച്ചയേറിയ കത്തികൊണ്ട് സന്തോഷിന്റെ പുറത്ത് നിഥുൽ കുത്തിയതായി പോലീസ് കോടതിയിൽ നല്കിയ റിപ്പോർട്ടിൽ പറയുന്നു. ആഴത്തിലുള്ള ഈ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു. കേസിലെ ആറു പ്രതികളെ സംഭവദിവസം രാത്രിയിലും മറ്റുള്ളവരെ തുടർന്നുള്ള ദിവസങ്ങളിലും പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
ഒന്നാം പ്രതി അണ്ടല്ലൂർ മണപ്പുറം വീട്ടിൽ മിഥുൻ(27), മൂന്നാം പ്രതി ധർമ്മടം അണ്ടല്ലൂരിലെ വൈഷ്ണവ് എന്ന വാവകുട്ടൻ(28), നാലാം പ്രതി അണ്ടല്ലൂരിലെ രോഹൻ(29), അഞ്ചാം പ്രതി അണ്ടല്ലൂർ ലീലറാമിൽ പ്രജുൽ(25), ആറാം പ്രതി പാലയാട് ഷാഹിനം വീട്ടിൽ ഷമിൽ(26), ഏഴാം പ്രതി പാലയാട് തോട്ടുമ്മൽ വീട്ടിൽ റിജേഷ്(27), എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടിൽ അജേഷ്(27) എന്നിവരാണ് റിമാൻഡിലുള്ളത്. അറസ്റ്റിലായ റിമാൻഡിൽ കഴിഞ്ഞിരുന്ന ഏഴ് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച കത്തി, വാൾ, മരക്കഷണം എന്നിവ കണ്ടെടുത്തിരുന്നു.
സന്തോഷ് വധത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം വ്യക്തമാക്കിയതിനെ തുടർന്ന് സിപിഎമ്മിനു വേണ്ടി ഹാജരാകാറുള്ള പ്രമുഖ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ ഈ കേസിൽ പ്രതികൾക്കു വേണ്ടി ഹാജരാകാൻ വിസമ്മതിച്ചിരുന്നു. മറ്റൊരു പ്രമുഖ ക്രമിനിൽ അഭിഭാഷകനായ പ്രദ്യു ആണ് ഹാജരാകുന്നത്.